Headlines

ആര്‍ക്കും ഭൂരിപക്ഷം പ്രവചിക്കാതെ ഇസ്രയേല്‍ എക്‌സിറ്റ് പോള്‍; നെതന്യാഹുവിന് അഗ്നി പരീക്ഷ, വാഴുമോ?

ജെറുസലേം: ഇരുപക്ഷത്തിനും മുന്നേറ്റമുണ്ടാക്കാനാതെ ഇസ്രയേലില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. രണ്ട് ക്യാമ്പുകള്‍ക്കും 51 സീറ്റുകള്‍ വീതം ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അറബ് പാര്‍ട്ടികള്‍ക്ക് 18 സീറ്റുകള്‍ വീതം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭരണം പ്രതീക്ഷിച്ച് മത്സരത്തിനിറങ്ങിയ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 27 സീറ്റുകളുടെ മുന്നേറ്റമാണുള്ളതെന്ന് ചാനൽ 12 എക്സ്റ്റ് പോൾ സൂചിപ്പിക്കുന്നു. നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ട് നയിക്കുന്ന യഷാർ പാര്‍ട്ടിക്ക് 21 സീറ്റുകളും രാഷ്ട്രീയ നേതാക്കളായ നഫ്താലി ബെന്നറ്റ്, യെയര്‍ ലാപിഡ് എന്നിവര്‍ ചേര്‍ന്നു രൂപീകരിച്ച ബയാചാദ് പാര്‍ട്ടിക്കും ഹദാഷ്, താഅല്‍, ബലാദ് എന്നീ മൂന്ന് പ്രധാന അറബ് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യമായ ജോയിന്റ് ലിസ്റ്റിന് 12 സീറ്റുകള്‍ വീതവും ചാനൽ 12 പ്രവചിക്കുന്നു.

കനത്ത ആത്മവിശ്വാസത്തിലാണ് ഭരണ, പ്രതിപക്ഷ കക്ഷികള്‍. തെരഞ്ഞെടുപ്പില്‍ മികച്ച ജൂത മുന്നേറ്റമുണ്ടാകുമെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ ജനത സംരക്ഷിക്കപ്പെട്ടിരുന്നുവെന്നും മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇസ്രയേല്‍ ജനതയെ ഇസ്രയേല്‍ ജനത തന്നെ സംരക്ഷിച്ചിരിക്കുന്നുവെന്നും മുന്‍ പ്രധാനമന്ത്രിയും ബെയാചാദ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ യെയര്‍ ലാപിഡ് പറഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ സര്‍ക്കാരും താഴെ വീഴും. പൂര്‍ണ്ണ പതനം ആയിരിക്കും. ഇസ്രയേല്‍ ജനത വിജയിക്കും. ഞങ്ങള്‍ക്കാണ് മേല്‍ക്കൈ എന്നും അദ്ദേഹം പറഞ്ഞു.

ബെഞ്ചമിന്‍ നെതന്യാഹു പരാജയപ്പെടാന്‍ പോവുകയാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുമെന്നും മുന്‍ പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റ് പറഞ്ഞു. പ്രധാനമന്ത്രി പദത്തിലേക്ക് ജനങ്ങള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്ന രണ്ടാമത്തെ നേതാവ് ആണ് ബെന്നറ്റ്. ഒന്നാം സ്ഥാനത്ത് ഉള്ളത് ഗാഡി ഐസന്‍കോട്ടിനോട് ആണ്. ബെഞ്ചമിന്‍ നെതന്യാഹു മൂന്നാം സ്ഥാനത്താണ്.

1977ന് ശേഷമുള്ള ഏറ്റവും വലിയ പോളിംഗ് ആണ് ഇത്തരവണ രേഖപ്പെടുത്തിയത്. പിന്നാലെ ‘അടിയന്തരാവസ്ഥ’ എന്ന കുറിപ്പോടെ വോട്ടര്‍മാരോട് പോളിംഗ് കേന്ദ്രത്തിലേക്ക് പോകാന്‍ ബെഞ്ചമിന്‍ നെതന്യാഹു അഭ്യര്‍ത്ഥിക്കുന്ന നിലയുണ്ടായി. ‘ഇടതുപക്ഷ പ്രവര്‍ത്തകര്‍ പോളിംഗ് സ്റ്റേഷനുകളിലേക്ക് ഇരച്ചുകയറി. വലതുപക്ഷ പ്രവര്‍ത്തകര്‍ നിസ്സംഗരാണ്. ഉണരേണ്ട സമയമാണിത്. പുറത്തുപോയി മറ്റുള്ളവരെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുക. ലികുഡിന് വോട്ടുചെയ്യുക’, എന്നായിരുന്നു നെതന്യാഹു എക്സില്‍ കുറിച്ചത്.

2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് ശേഷമുള്ള ആദ്യ ദേശീയ തെരഞ്ഞെടുപ്പാണിത്. ഹമാസിന്റെ ആക്രമണം മുന്‍കൂട്ടി കാണുന്നതിലും തടയുന്നതിലുമുണ്ടായ സുരക്ഷാ വീഴ്ചയും, തുടര്‍ന്ന് ഗാസ യുദ്ധം കൈകാര്യം ചെയ്ത രീതിയും നെതന്യാഹുവിന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

120 അംഗങ്ങളടങ്ങുന്നതാണ് ഇസ്രയേലി പാര്‍ലമെന്റായ ‘നെസെറ്റ്. പാര്‍ലമെന്റില്‍ സീറ്റ് ലഭിക്കാന്‍ ഒരു പാര്‍ട്ടി കുറഞ്ഞത് 3.25% വോട്ട് നേടേണ്ടതുണ്ട്. തുടര്‍ന്ന് പാര്‍ട്ടികളുടെ വോട്ട് വിഹിതത്തിന് ആനുപാതികമായാണ് സീറ്റുകള്‍ വീതിച്ചുനല്‍കുന്നത്. മറ്റു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കി പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 61 സീറ്റുകള്‍ തികയ്ക്കുന്ന മുന്നണി നേതാവിനെയാണ് പ്രസിഡന്റ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുന്നത്.