Headlines

ടിപി കേസ് പ്രതികള്‍ക്കായി സര്‍ക്കാരിന്റെ അസാധാരണ നീക്കം; പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോ? ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കായി വീണ്ടും സര്‍ക്കാരിന്റെ അസാധാരണനീക്കം. പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചു. ഇരുപത് വര്‍ഷത്തേയ്ക്ക് ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് ഇടപെടല്‍.

കത്തില്‍ പരോള്‍ എന്നോ വിട്ടയയ്ക്കല്‍ എന്നോ വ്യക്തമാക്കാതെ വിടുതല്‍ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ടി കെ രജീഷ്, കെകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് എന്നിവരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ നേരത്തെ നീക്കം നടത്തിയിരുന്നെങ്കിലും വിവാദമായതോടെ പിന്മാറുകയായിരുന്നു. പ്രതികള്‍ നിലവില്‍ കഴിയുന്ന സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്തയക്കാതെ മുഴുവന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും കത്തയച്ചത് എന്തിന് എന്നതില്‍ വ്യക്തതയില്ല.

ഏതെങ്കിലും തരത്തില്‍ വിട്ടയയ്ക്കല്‍ അല്ല, സുരക്ഷാ പ്രശ്‌നമടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നീക്കം എന്നാണ് ജയില്‍ വകുപ്പ് വിശദീകരിക്കുന്നത്.