സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്ഐ. കാർഷിക സർവകലാശാല ഫീസ് വർധന ഉയർത്തിക്കാട്ടിയാണ് എസ്എഫ്ഐയുടെ സമരം. പിഎം ശ്രീ വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാർഷിക സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിക്കും.
ഫീസ് വർധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം. പിഎം ശ്രീ പദ്ധതിയിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫ്- എ ഐ വൈ എഫ് എന്നിവർ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്. പി.എം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസവകുപ്പും മന്ത്രിയും തിരുത്തണമെന്നാവശ്യപ്പെട്ടാണ് എ ഐ വൈ എഫ് പ്രതിഷേധം.
അതേസമയം പി.എം ശ്രീ പദ്ധതിയിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ സിപിഐഎം ശ്രമം തുടരും. സിപിഐ സംസ്ഥാന കൗൺസിലിന് മുന്പ് എൽഡിഎഫ് യോഗം വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തും. സിപിഐ മന്ത്രിമാർ നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ല. പദ്ധതിയിൽ ഒപ്പുവച്ചാൽ കേന്ദ്രം നിശ്ചയിച്ചത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമെന്ന് ദേശാഭിമാനിയിലെ ലേഖനത്തിൽ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.







