മധുര: തമിഴ്നാട് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഉദ്ഘാടനം. പദ്ധതിയ്ക്കായി 755.83 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം വകയിരുത്തിയത്.
അമ്മയുടെ സഹോദരന്, അതാണ് തായ് മാമന്. സഹോദരിയ്ക്ക് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ സ്വര്‍ണം നല്‍കേണ്ടത് തായ്മാമന്റെ കടമ. അതാണ് തമിഴക വെട്രി കഴകം സര്‍ക്കാറിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതി. ജൂണ്‍ 22 മുതല്‍ ജനിച്ച ഒരു ലക്ഷത്തി ഇരുപത്തി എട്ടായിരം കുട്ടികള്‍ക്കാണ് ഇന്ന് സ്വര്‍ണമോതിരവും ബേബി കിറ്റും നല്‍കുന്നത്. ഇതിനായി സംസ്ഥാനത്തുടനീളം 102 സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്.
രാജാജി ഹാളില്‍ വന്ന എല്ലാ കുട്ടികള്‍ക്കും മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ട് തന്നെ മോതിരം നല്കി. ചില കുട്ടികള്‍ക്ക് പേരിട്ടതും മുഖ്യമന്ത്രി തന്നെ.
നേരത്തെ സെപ്റ്റംബര്‍ 15നാണ് പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ തീയതി മാറ്റുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്കല്‍പേട്ട്, തിരുപ്പൂര്‍ ജില്ലകളില്‍ പദ്ധതി ഇപ്പോള്‍ നടപ്പാക്കില്ല.







