ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി ആർ വീരമണി മുഖ്യപ്രതിയായ പോക്സോ കേസിൽ പുതിയ പരാതി കൂടി. വിദ്യഭ്യാസ സഹായം നൽകി മകളെ പീഡിപ്പിച്ചുവെന്നും മനോവിഷമത്തിൽ മകൾ ജീവനൊടുക്കിയെന്നുമാണ് മാതാവിന്റെ പരാതി. കമ്മിഷണർക്ക് ലഭിച്ച പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കേസിലെ കൂട്ടുപ്രതികളായ മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി എന്നിവരെ, കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പുഴൽ ജയിലിലേയ്ക്ക് മാറ്റി.
2016 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. വിദ്യഭ്യാസ സഹായം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാവാണ് ആർ വീരമണിയെ സമീപിച്ചത്. സഹായം നൽകുകയും ചെയ്തു. എന്നാൽ കുട്ടി പ്ളസ്ടുവിന് പഠിപ്പിയ്ക്കുമ്പോൾ ആർ വീരമണി പീഡിപ്പിച്ചു. ഇതിന്റെ മനോവിഷമത്തിൽ കുട്ടി ജീവനൊടുക്കി. അപ്പോൾ തന്നെ ഐസ് ഹൌസ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പണവും സ്വാധീനവും ഉപയോഗിച്ച് വീരമണി കേസ് ഒതുക്കിയെന്നും പരാതിയിൽ പറയുന്നു.
2017ലെ ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ പൊലിസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടുവെന്നും രേഖകൾ നശിച്ചെന്നും കാണിച്ചാണ് പൊലിസ് കേസ് അവസാനിപ്പിച്ചത്. വിശദമായ പരാതിയാണ് കമ്മിഷണർക്ക് കുട്ടിയുടെ മാതാവ് നൽകിയത്. ഈ പരാതി നിലവിൽ കേസ് അന്വേഷിയ്ക്കുന്ന എസ്ഐടിയ്ക്ക് കൈമാറി.
കേസിൽ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന രണ്ട് കൂട്ടുപ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തു. മഹേന്ദ്രസിംഹൻ, ഭാര്യ ശാന്തി എന്നിവരെയാണ് എസ്ഐടി ചോദ്യം ചെയ്തത്. പീഡനം നടന്ന ബംഗ്ളാവുകളിലും പ്രതികളെ എത്തിച്ചു. ശാന്തിയുടെ ഫോണിൽ നിന്നും വീരമണിയുടെ ഫോണിലേയ്ക്കെത്തിയ ഒരു സന്ദേശം പൊലിസ് കണ്ടെത്തിയിരുന്നു. ഇതിൽ നിങ്ങൾ കാരണം ഒരു പെൺകുട്ടി കൂടി ജീവനൊടുക്കിയെന്നാണ് പറഞ്ഞിരുന്നത്. ഈ അന്വേഷണമാണ് പുതിയ പരാതിയ്ക്ക് ആധാരം.
ഇന്നലെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ പോക്സോ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതികളെ പുഴൽ ജയിലിലേക്ക് മാറ്റി. 2024ൽ ആർ വീരമണിയ്ക്കെതിരെ പരാതി നൽകിയ കോൺഗ്രസ് നേതാവ് രഞ്ജൻ കുമാറിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. കേസിലെ തെളിവുകൾ നശിപ്പിയ്ക്കാനായി ശാന്തി, വീരമണിയിൽ നിന്നും 24.63 ലക്ഷം രൂപ വാങ്ങിയെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.







