ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിലെ ജനതയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും ബിജെപിയും ആർഎസ്എസും ആക്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ലഡാക്ക് ജനത ഒരു ശബ്ദം ആവശ്യപ്പെട്ടു. സോനം വാങ് ചുകിനെ ജയിലിൽ അടച്ചും, നാലുപേരെ കൊലപ്പെടുത്തിയും ആണ് ബിജെപി ഇതിനോട് പ്രതികരിച്ചത്.
ലഡാക്കിൽ അക്രമം നിർത്തുക. ഭീഷണിപ്പെടുത്തൽ നിർത്തുക എന്നും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. ആറാം ഷെഡ്യൂൾ പ്രകാരം സംസ്ഥാന പദവിയും സംരക്ഷണവും ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി മാറിയതിന് രണ്ട് ദിവസത്തിന് ശേഷം, കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുകിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്‌തിരുന്നു.
ദേശീയ സുരക്ഷാ നിയമം പ്രകാരം അറസ്റ്റിലായ ലഡാക്ക് ആക്ടിവിസ്റ്റ് സോനം വാങ്‌ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. മൂന്ന് പാളി സുരക്ഷയ്ക്ക് പേരുകേട്ട ജോധ്പൂർ ജയിലിലെ ഏകാന്ത സെല്ലിലായിരിക്കും സോനം വാങ്‌ചുക്കിനെ പാർപ്പിക്കുക. സിസിടിവിയുടെ സഹായത്തോടെ നിരന്തരം വാങ്ചുകിനെ നിരീക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
എന്തുകൊണ്ടാണ് വാങ്ചുക്കിനെ ജോധ്പൂർ ജയിലിൽ പാർപ്പിക്കാൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ലഡാക്കിൽ നിന്നുള്ള അദ്ദേഹത്തിന്‍റെ അനുയായികളുടെ വൻ പ്രതിഷേധം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നത് ഒരു ഘടകമാണ്. സിറ്റി പൊലീസ് കമ്മീഷണറും ഉൾപ്പെട്ടിരുന്ന കനത്ത സുരക്ഷാ വിന്യാസത്തിൽ പ്രത്യേക വിമാനത്തിലാണ് വാങ്ചുക്കിനെ ജയിൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.