വിവാഹ പന്തല്‍ ഉയരേണ്ട വീടുകള്‍ മരണാനന്തര ചടങ്ങിന് സാക്ഷ്യം വഹിച്ചതിന് ഞെട്ടലിലാണ് കരൂര്‍ എന്ന നാട്. അടുത്തമാസം വിവാഹം നടക്കാനിരിക്കുകയാണ് പ്രതിശ്രുത വധൂവരന്മാരായ സൗന്ദര്യക്കും ആകാശിനും ജീവന്‍ നഷ്ടമായത്. പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ ഉള്ളുലക്കുന്ന വേദനയുടെ നേര്‍ക്കാഴ്ചയാണ് കരൂര്‍ മെഡിക്കല്‍ കോളേജിന്റെ മോര്‍ച്ചറി മുറ്റത്ത് ദൃശ്യമായത്.
പുതുജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കെ സൗന്ദര്യയും ആകാശും വിടപറഞ്ഞുവെന്നത് രണ്ട് വീട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. മോര്‍ച്ചറിക്കു മുന്നിലെ ടാറിട്ട റോട്ടില്‍ പലരും കരഞ്ഞു തളര്‍ന്നു കിടന്നു. ഇരുവരുടെയും വിവാഹം അടുത്തമാസം നടത്താനായിരുന്നു തീരുമാനം. അതിനിടയിലാണ് അടുത്ത സുഹൃത്തിനൊപ്പം ഇന്നലെ തങ്ങളുടെ പ്രിയ നടന്‍ വിജയ്‌യെ കാണാന്‍ പോയത്.
കരൂര്‍ മരിച്ചവരില്‍ ഒരേ കുടുംബത്തിലെ മൂന്നുപേരുമുണ്ട്. ഹേമലത, മക്കള്‍ സായ് കൃഷ്ണ, സായ് ജീവ എന്നിവരുടെ മരണം കുടുംബത്തിന് മാത്രമല്ല നാടിനാകെ തീരാദുഃഖമായി. 17 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒന്നര വയസുള്ള കുഞ്ഞുള്‍പ്പെടെ 9 കുഞ്ഞുങ്ങളുടെ ജീവനുകളാണ് കരൂരില്‍ പൊലിഞ്ഞത്.
നടന്‍ വിജയ്‌യുടെ രാഷ്ട്രീയപ്പാര്‍ട്ടി തമിഴക വെട്രിക് കഴകം സംഘടിപ്പിച്ച സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂര്‍ വേലുചാമിപുരത്ത് നടന്ന സമ്മേളനത്തിലാണ് തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഞെങ്ങി ഞെരുങ്ങി ജീവനില്ലാതെയോ പാതി ജീവനുമായോ നിരവധിപേരെ കരൂരിലെ ആശുപത്രികളില്‍ എത്തിച്ചു. ആവശ്യത്തിന് ഡോക്ടര്‍മാരോ മെഡിക്കല്‍ സൗകര്യങ്ങളോ ഇല്ലത്തതിനാല്‍ ആദ്യ മണിക്കൂറുകളില്‍ ഏറെ ബുദ്ധിമുട്ടി.
മുഖ്യമന്ത്രി എംകെ സ്റ്റാലിനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സംഭവം അറിഞ്ഞപ്പോള്‍ തന്നെ കരൂരിലേക്കെത്തി. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപവച്ചും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപവച്ചും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവം അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ജഡ്ജ് അരുണ ജഗതീശന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിച്ചു.
അറുപതിനായിരം ആളുകളെ മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മൈതാനത്താണ് ഒരുലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടി സംഘടിപ്പിച്ചത്. കൂടുതല്‍ തുറന്ന സ്ഥലത്തേക്ക് പരിപാടി മാറ്റണം എന്ന പൊലീസിന്റെ ആവശ്യം മാനിക്കാതെ പരിപാടി നടത്തുകയായിരുന്നു എന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. എന്റെ ഹൃദയം തകര്‍ന്നു. അസഹനീയമായ വേദനയാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്നാണ് വിജയ് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്. വിജയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.