Headlines

പൂനെയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവം; ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം യുവതിയെ നിർബന്ധിച്ചെന്ന നിഗമനത്തിലേക്ക് പൊലീസ്

 

പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയെ ഇഷ്ടമില്ലാത്ത വിവാഹത്തിന് കുടുംബം നിർബന്ധിച്ചതാണെന്ന നിഗമനത്തിലേക്ക് പൊലീസ്. കാമുകൻ ചേതനുമായുള്ള ബന്ധം കുടുംബത്തിന് നേരത്തെ അറിയാമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. മാതാപിതാക്കളെ 10 മണിക്കൂറോളം ചോദ്യം ചെയ്തു.

 

 

സിയാഗോയലും കാമുകൻ ചേതൻ ചൗധരിയും ഒരുമിച്ചിരുന്ന് ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റ് കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികൾ തമ്മിൽ അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്നതിന് തെളിവാണിത്. കൊലപാതക തലേന്ന് പൂനെയിലെ കഫേയിൽ ഇരുവരും ഒന്നിച്ചെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സിയയുടെ സഹോദരൻ സാഹിലുമായി ചേതന് പരിചയമുണ്ട് . ഇരുവരും ഒരുമിച്ച് ക്രിക്കറ്റ് കളിക്കുന്നവർ. സഹോദരനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്തത്.

 

കൊലപാതക വാർത്ത വന്നതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങി എത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. വലിയ സാമ്പത്തികവും ഉയർന്ന കുടുംബ പശ്ചാത്തലവും ഉള്ള കേതൻ അഗർവാളുമായുള്ള ബന്ധത്തിന് കുടുംബം സമ്മർദ്ദം ചെലുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. സിയയുടെ അനിഷ്‌ടം കണക്കിലെടുത്തില്ല. കേതനോട് വിവാഹത്തിൽനിന്നും പിന്മാറാൻ താൻ ആവശ്യപ്പെട്ടിരുന്നതായി സിയ പൊലീസ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ കേതൻ അഗർവാൾ അതിന് തയ്യാറായില്ല. കൊലപാതകത്തിനു മുൻപുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതായി കേതൻ്റെ കുടുംബവും പൊലീസിനെ അറിയിച്ചിട്ടുണ്ട്.