ബംഗ്ലാദേശ് ഭരണകൂടത്തിന് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്, ‘ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’

ദില്ലി: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്ക അറിയിച്ചും മുന്നറിയിപ്പ് നൽകിയും ഇന്ത്യ. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ തുടരുന്ന അതിക്രമങ്ങൾ ആശങ്കാജനകമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അടുത്തിടെ നടന്ന ഹിന്ദു യുവാക്കളുടെ കൊലപാതകത്തെ അങ്ങേയറ്റം ഖേദകരമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ഇന്ത്യക്കെതിരെ ബംഗ്ലാദേശിൽ തെറ്റായ പ്രചാരണം നടക്കുന്നു എന്നും കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും ഇന്ത്യക്ക് അവഗണിക്കാനാവില്ലെന്നും കർശന നടപടി വേണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

ബംഗ്ലാദേശിലെ മെയ്മെന്‍സിംഗില്‍ ആള്‍ക്കൂട്ടം ഹിന്ദു യുവാവിനെ മര്‍ദ്ദിച്ച് കൊന്നതിലുള്ള കടുത്ത അതൃപ്തി വ്യക്തമാക്കുകയായിരുന്നു ഇന്ത്യ. ആള്‍ക്കൂട്ട കൊലയെ അപലപിക്കുന്നുവെന്നും നിയമ ലംഘകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും 27 കാരനായ ദിപു ചന്ദ്രദാസിന്‍റെ കൊലപാതകം ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്‍റെ കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ മൂവായിരത്തോളം അക്രമസംഭവങ്ങളുണ്ടായെന്നാണ് കണക്ക്.
സമാധാനവും, സ്ഥിരതയുള്ളതുമായ ബന്ധമാണ് ബംഗ്ലാദേശുമായി ഇന്ത്യ ആഗ്രഹിക്കുന്നത്. ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സുതാര്യമാകണം. എല്ലാ വിഭാഗങ്ങളയും ഉള്‍ക്കൊള്ളുന്ന തെരഞ്ഞെടുപ്പാണ് നടത്തേണ്ടത് എന്ന് വ്യക്തമാക്കുക വഴി ഷെയ്ക്ക് ഹസീനയെയും അവരുടെ പാര്‍ട്ടിയേയും പരിഗണിക്കണമെന്ന് കൂടിയാണ് ഇന്ത്യ പറഞ്ഞു വയ്ക്കുന്നത്.