Headlines

‘സാമ്പത്തിക കാരണങ്ങളെ തുടർന്ന് പഠനം നിർത്തേണ്ടി വരില്ല; ഇ-ഗ്രാൻ്റ്സ് ലഭിക്കും’; വിശദീകരണവുമായി കാർഷിക സർവകലാശാല

കുത്തനെ ഉയർത്തിയ ഫീസ് താങ്ങാൻ ആകാതെ വിദ്യാർത്ഥി പഠനം ഉപേക്ഷിച്ചതിൽ വിശദീകരണവുമായി കാർഷിക സർവകലാശാല. സാമ്പത്തിക കാരണങ്ങളെ തുടർന്ന് പഠനം നിർത്തേണ്ടി വരില്ല. സാമ്പത്തികമായി പിന്നോക്കാ നിൽകുന്ന കുട്ടികൾക്ക് ഇ-ഗ്രാൻ്റ്സ് ലഭിക്കും. കൂടാതെ മറ്റ് സഹായങ്ങളും, സ്കോളർഷിപ്പും ലഭിക്കും. ഇ-ഗ്രാൻ്റ്സ് ലഭിച്ചാൽ ഫീസ് നൽകേണ്ടതില്ലെന്ന് കാർഷിക സർവകലാശാലയുടെ വിശദീകരണം.

കുറഞ്ഞ വരുമാനമുള്ള കുടുംബത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് നിലവിലെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഫീസ് വർദ്ധനവിൽ നിന്നും ഒഴിവാക്കിയോ പ്രത്യേക സ്കോളർഷിപ്പുകൾ നൽകിയോ പഠനാവസരം നൽകി യോഗ്യരായ ഒരു വിദ്യാർത്ഥിയും സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കാർഷിക സർവകലാശാല വാർത്താക്കുറിപ്പിൽ പറയുന്നു.

കുത്തനെ ഫീസ് ഉയർത്തിയതിനെ തുടർന്ന് താമരശ്ശേരി സ്വദേശി അർജുനാണ് പഠനം ഉപേക്ഷിച്ചത്. പ്ലസ്ടുവിന് ശേഷം തുടർച്ചയായി മൂന്നുവർഷം എൻട്രൻസ് പഠനം നടത്തി മികച്ച റാങ്ക് നേടിയാണ് അർജുൻ ബിഎസ് സി അഗ്രികൾച്ചർ കോഴ്സിന് ചേർന്നത്. നോട്ടിഫിക്കേഷൻ പ്രകാരം BSC അഗ്രിക്കൾച്ചർ കോഴ്സിന് 12,000 രൂപയായിരുന്നു സെമസ്റ്റർ ഫീസ്. അഡ്മിഷന് എത്തിയപ്പോൾ അത് 36,000 ആയി ഉയർന്നു. ഹോസ്റ്റൽഫീസും മറ്റു ചിലവുകളും ചേർത്താൽ ഒരു വർഷം ഒന്നരലക്ഷം രൂപയിൽ അധികം കണ്ടെത്തണം. അതിനുള്ള സാമ്പത്തിക അടിത്തറ ഇല്ലാത്തതിനാലാണ് അർജുൻ പഠനം ഉപേക്ഷിച്ചത്.

നിരവധി പ്രതിഷേധങ്ങൾ വിദ്യാർത്ഥി സംഘടനകൾ നടത്തിയെങ്കിലും ഫീസ് കുറക്കാൻ സർവകലാശാല തയ്യാറായില്ല. ഇ-ഗ്രാൻഡ്സിന് അർഹതയുള്ള അർജുൻ ഫീസ് അടയ്ക്കേണ്ടില്ലെന്ന് അറിയിച്ചിരുന്നതായാണ് വിശദീകരണം. അർജുന് ഗ്രാന്റും മറ്റ് സഹായങ്ങളും നൽകാമെന്ന് അറിയിച്ചിരുന്നു എന്നാണ് കോളജ് അധികൃതർ പറഞ്ഞിരുന്നത്.