പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിട്ടും തീരുമാനമായില്ല. സബ് കമ്മിറ്റി രൂപീകരിക്കാമെന്ന മുഖ്യമന്ത്രിയുടെ നിർദേശം സിപിഐ തള്ളി. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച പ്രശ്നം തണുപ്പിച്ച് എടുക്കാനുള്ള ശ്രമം എന്നാണ് സിപിഐ വിലയിരുത്തൽ.
സബ്കമ്മിറ്റി രൂപീകരിച്ചും കാര്യങ്ങള്‍ താമസിപ്പിക്കാനും വിവാദങ്ങള്‍ കെട്ടടങ്ങാനുമുള്ള ആസൂത്രിതമായുള്ള ശ്രമമെന്നാണ് സിപിഐ വിലയിരുത്തുന്നത്. സബ് കമ്മിറ്റി എന്ന നിർദേശത്തിൽ ആത്മാർഥതയുണ്ടെങ്കിൽ അതുവരെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണപത്രം മരവിപ്പിച്ചു നിർത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ധാരണാപത്രം മരവിപ്പിക്കുന്ന പോലുള്ള നടപടികൾ എടുത്താൽ മന്ത്രി വി.ശിവൻകുട്ടിയെ കൊച്ചാക്കുന്നത് പോലെ ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ച് ബിനോയ് വിശ്വം ചർച്ച അവസാനിപ്പിക്കുകയായിരുന്നു. വിവാദത്തിൽ ചർച്ചകൾ തുടരാനും ധാരണയി. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന നടപടിയിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രിയുടെ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ നാളത്തെ ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ ബുധനാഴ്ച മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിൽക്കും.





