തിരുവനന്തപുരം: കേരളം ഞെട്ടുന്ന വിവരങ്ങൾ വരാൻ പോകുന്നുവെന്നും ബിജെപിയും സിപിഎമ്മും കരുതി ഇരിക്കണമെന്നും ഇന്നലെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അസാധാരണമായ മുന്നറിയിപ്പ് നല്‍കിയത്. ആ ‘ബോംബ് ‘ എന്തായാലും പൊട്ടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങൾ ആവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാവിന്‍റേത് വീരവാദം അല്ലെന്നും വൈകാതെ ഞെട്ടുന്ന വാർത്ത വരുമെന്നും പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. ഇന്നുണ്ടാവുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. വിവരങ്ങൾ പ്രതിപക്ഷ നേതാവ് തന്നെ തെളിവു സഹിതം പുറത്തുവിടും എന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. കോർ കമ്മിറ്റി അംഗത്തിനെതിരായ വാർത്ത എങ്കിൽ വെറും കുടുംബ കാര്യമെന്നാണ് ബിജെപി ക്യാമ്പിന്‍റെ പ്രതിരോധം. ആർക്കെതിരെ എന്ന് വ്യക്തമാക്കാതെയാണ് ബിജെപി ക്യാമ്പിന്‍റെ പ്രതികരണം.
അതേസമയം ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വസതിയില്‍ തുടരുകയാണ്. ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. മണ്ഡലമായ പാലക്കാട്ടേക്ക് പോകുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതോടെ, മണ്ഡലത്തിൽ എത്തിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പിന്തുണ ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ബിജെപിയും സിപിഎമ്മും എംഎല്‍എയെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കുന്ന കാര്യത്തിൽ കെപിസിസി തീരുമാനിക്കുമെന്നും നിലവിൽ രാഹുൽ കോൺഗ്രസുകാരൻ അല്ലല്ലോ എന്നുമായിരുന്നു പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നുമാണ് വി ഡി സതീശൻ ഇന്നലെ പറഞ്ഞത്. സിപിഎമ്മും ബിജെപിയും അധികം അഹങ്കരിക്കേണ്ട, ചിലത് വരാനുണ്ടെന്നാണ് സതീശന്‍ മുന്നറിയിപ്പ് നല്‍കിയത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ഒരു പേടിയുമില്ലെന്നുമാണ് സിപിഎമ്മിന്‍റെയും ബിജെപിയുടെയും പ്രതികരണം. രാഹുലിന്റെ രാജി ആവശ്യപ്പെടാതെ കോൺഗ്രസ് നേതൃത്വം പാലക്കാട്ടെ ജനതയെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
“നിങ്ങളുടെ എം എൽ എയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഇത്തരം നാടകങ്ങൾ വിലപ്പോവില്ല. വനിതാ നേതാക്കളടക്കം കോൺഗ്രസ് പാർട്ടിയിലുള്ളവർ വേട്ടക്കാരനായ ഈ എംഎൽഎ, നിയമസഭാംഗത്വം രാജി വയ്ക്കണമെന്ന നിലപാടുള്ളവരാണ്. എന്നിട്ടും കോൺഗ്രസ് നേതൃത്വം അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണ്? അതിനാണ് സതീശൻ മറുപടി പറയേണ്ടത്” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.