Headlines

മാഞ്ചസ്റ്റർ ടെസ്റ്റിൽ 10 വർഷത്തിനിടെ ആദ്യമായി 500 റൺസ് വഴങ്ങി ഇന്ത്യ

ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യൻ ബൗളർമാർക്ക് കടുപ്പമേറിയ ദിവസമായിരുന്നു. 2015 ന് ശേഷം ആദ്യമായി ഇന്ത്യ ഒരു വിദേശ ടെസ്റ്റ് മത്സരത്തിൽ 500 റൺസ് വഴങ്ങി. 10 വർഷം മുൻപ് സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ 572 റൺസ് വഴങ്ങിയതായിരുന്നു അവസാനത്തേത്.

മത്സരത്തിൽ ഇംഗ്ലണ്ടിനായി ജോ റൂട്ട് റെക്കോർഡുകൾ കുറിച്ചുകൊണ്ട് 38-ാം ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോൾ, ഓലി പോപ്പും ബെൻ സ്റ്റോക്സും അർദ്ധ സെഞ്ച്വറികളുമായി തിളങ്ങി. മൂന്നാം ദിനം രണ്ട് വിക്കറ്റിന് 225 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട്, ആദ്യ സെഷനിൽ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 100-ൽ അധികം റൺസ് നേടി തങ്ങളുടെ ലീഡ് ഉയർത്തി. എന്നാൽ, ഉച്ചഭക്ഷണത്തിന് ശേഷം വാഷിംഗ്ടൺ സുന്ദറിന്റെ ഇരട്ട വിക്കറ്റ് നേട്ടം ഇന്ത്യക്ക് ആശ്വാസമായി. ഓലി പോപ്പിനെയും (71) ഹാരി ബ്രൂക്കിനെയും (3) സുന്ദർ തിരിച്ചയച്ചു. പോപ്പ് കെ.എൽ. രാഹുലിന് ക്യാച്ച് നൽകിയപ്പോൾ, ബ്രൂക്കിനെ സുന്ദർ ബീറ്റ് ചെയ്യുകയായിരുന്നു. പക്ഷേ, വാഷിംഗ്‌ടൺ സുന്ദറിന് ക്യാപ്റ്റൻ ഗിൽ പന്തെറിയാൻ ഏൽപ്പിച്ചത് വൈകിയെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങളും ഉയർന്നിരുന്നു.

എന്നാൽ, ആ ആശ്വാസം അധികസമയം നീണ്ട നിന്നില്ല. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ജോ റൂട്ട് കൂട്ടുകെട്ട് തകർത്താടി. 100-ൽ അധികം റൺസ് നേടികൊണ്ട് ഇംഗ്ലണ്ടിന് മികച്ച ലീഡ് അവർ സമ്മാനിച്ചു. മത്സരത്തിൽ ജോ റൂട്ട് തന്റെ 38-ാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കുകയും, ഒറ്റ ദിവസംകൊണ്ട് മൂന്ന് ഇതിഹാസ താരങ്ങളെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനവും നേടി.

ഈ സെഷനിൽ പേസർ ജസ്പ്രീത് ബുംറയ്ക്കും ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനും ചെറിയ പരിക്കുകൾ പറ്റിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഒടുവിൽ രവീന്ദ്ര ജഡേജയുടെ ബൗളിലൂടെ ജോ റൂട്ടിനെ (150) മടക്കി അയച്ച് ഇന്ത്യ ബ്രേക്ക് ത്രൂ നേടി. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 544 റൺസിന്റെ ശക്തമായ ലീഡിലാണ്.