ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; ‘മൂന്ന് പ്ലാസ്റ്റിക് ഡ്രം, തുണി കൊണ്ട് വടം’; ഡെമോ കാണിച്ച് പി വി അൻവർ

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് സമർത്ഥിക്കാൻ ജയിൽ ചാട്ടത്തിന്റെ ഡെമോ കാണിച്ച് പി വി അൻവർ. മഞ്ചേരിയിലെ സ്വന്തം സ്ഥലത്ത് വച്ചാണ് ജയിൽ ചാട്ടത്തിലെ സംശയങ്ങൾ അൻവർ ഡെമോയിലൂടെ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജയിൽ വകുപ്പ് തന്നെ ഗോവിന്ദച്ചാമിയെ പുറത്തേക്ക് വിട്ടതാണെന്നാണ് അൻവറിന്റെ ആരോപണം.

വണ്ണമുള്ള ജയിലിന്റെ ഇരുമ്പ് കമ്പി ഉപ്പ് തേച്ച് തുരുമ്പാക്കി ഹാക്ക്സൊ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു എന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴിയായി പോലീസ് പറയുന്നത്. എന്നാൽ ഹാക്ക്സൊ ബ്ലേഡ് ഉപയോഗിച്ച് കമ്പി മുറിച്ച്, വളച്ചു പുറത്തു കടക്കാൻ കഴിയില്ലെന്ന് അൻവറിന്റെ വാദം. കമ്പി മുറിക്കാൻ ശ്രമിച്ചാണ് ഇത് വിശദീകരിച്ചത്. തുടർന്ന് മതിൽ ചാട്ടം. മൂന്ന് പ്ലാസ്റ്റിക് ഡ്രം വെച്ച് അതിനു മുകളിൽ കയറി തുണികൊണ്ട് വടംകെട്ടി പുറത്ത് ചാടി എന്നുള്ളതും ഡെമോ കാണിച്ചു.
അളവെടുത്തു നോക്കുമ്പോൾ ഗോവിന്ദച്ചാമി പറന്നാൽ പോലും ഇത് സാധിക്കില്ലെന്ന് അൻവർ.

ഗോവിന്ദച്ചാമിയെ പുറത്തേക്ക് വിട്ടതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെന്നും ആരോപണം. 10 ഗോവിന്ദച്ചാമി വന്നാലും ഈ രീതിയിൽ ഒരു മതിൽച്ചാട്ടം സാധ്യമാകില്ല, അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം വേണമെന്നും പി.വി അൻവർ ആവശ്യപ്പെട്ടു.