വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നാണ് പറയുന്നത്, എന്നാൽ, വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്ന് മുൻ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. യുഡിഎഫിൽ ചർച്ച ചെയ്ത് മാത്രമേ കാര്യങ്ങൾ നടപ്പിലാക്കൂവെന്ന് എക്സൈസ് മന്ത്രിയും പറയുന്നു. എന്നാൽ, ബില്ല് പാസാക്കിയ ശേഷം ചർച്ചയ്ക്ക് എന്താണ് പ്രസക്തി? ബില്ല് പാസാക്കിയാൽ പിന്നെ എറിഞ്ഞ കല്ല് പോലെയാണ്.കൂൾ ഡ്രിങ്ക്സ് പോലെ സോഷ്യൽ ഡ്രിങ്കിലേക്ക് അത് പോകും. ഇത് അപകടമാണ്. ബാലഗോപാൽ വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിലെ ഫയൽ നീക്കം തുടങ്ങിയത് ഇടതുപക്ഷ സർക്കാരാണെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നു. മുഖ്യമന്ത്രി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നതെന്നും ബില്ല് പാസാക്കിയ ശേഷം യുഡിഎഫിൽ ചർച്ച ചെയ്തിട്ട് എന്ത് കാര്യമെന്നും ബാലഗോപാൽ ചോദിച്ചു. അപകടമാണെന്ന് തന്നെയാണ് എപ്പോഴും ഞങ്ങൾ പറഞ്ഞത്. എന്നിട്ടെന്തായി? ഇപ്പോൾ വാദി പ്രതിയായ അവസ്ഥയാണ്.പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നും എന്നാണ് അവരുടെ അവസ്ഥ. കുട്ടനാട് എംഎൽഎയും മുഖ്യമന്ത്രിയും തമ്മിലുള്ള സംസാരം എല്ലാവരും കണ്ടതാണ്. ഈ സർക്കാർ ഇരട്ടത്താപ്പ് കാണിച്ചുകൊണ്ടേയിരിക്കുന്നുവെന്നും ബാലഗോപാൽ ആരോപിച്ചു. നേരത്തെ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ കാറ്റഗറി നിശ്ചയിക്കുന്നതിനുള്ള ചട്ട ഭേദഗതിക്ക് അംഗീകാരം നൽകിയതിന്റെ ഫയൽ നീക്കം സംബന്ധിച്ച രേഖകൾ പുറത്ത് വന്നിരുന്നു. 2023 ജൂൺ ഒന്നിനാണ് ഭേദഗതിക്ക് അന്നത്തെ എക്സൈസ് മന്ത്രി അംഗീകാരം നൽകിയത്.2021 സെപ്തംബർ 17 നാണ് അന്നത്തെ എക്സൈസ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന് ബെക്കാഡി കമ്പനി കത്ത് നൽകുന്നത്. തൊട്ട് പിന്നാലെ വിദേശ മദ്യ ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കം ആരംഭിച്ചെന്നായിരുന്നു പുറത്ത് വന്ന രേഖകൾ. എന്നാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിലും നികുതി നിശ്ചയിക്കുന്നതിലും എൽഡിഎഫ് സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് എം.വി ഗോവിന്ദന്റെ മറുപടി. വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ബെക്കാഡി കമ്പനിയുമായി യു ഡി എഫ് സർക്കാർ നടത്തിയ ഡീൽ മറക്കാൻ എൽ ഡി എഫിനെതിരെ കളള പ്രചരണം നടത്തുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു.









