Headlines

പാർവതി നടത്തിയത് കോടികളുടെ തട്ടിപ്പ്, ഇരകളെ ഭീഷണിപ്പെടുത്തി; ആഡംബര കാറുകളും വിലകൂടിയ ആഭരണങ്ങളും ഹരം

കൊച്ചി ∙ വിദേശജോലി വാഗ്ദാനം ചെയ്തു വഞ്ചിച്ചെന്ന കേസിൽ അറസ്റ്റിലായ പാർവതി മായ ഷാജി നടത്തിയതു കോടികളുടെ തട്ടിപ്പെന്നു പൊലീസ്. സമാനമായ തട്ടിപ്പു നടത്തിയതിനു സംസ്ഥാനത്തെ ഒട്ടേറെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ട്. പാർവതിക്കു പുറമേ ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്ത്, അജു കെ.മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരാണു കേസിലെ മറ്റു പ്രതികൾ. ഇവരെയും വൈകാതെ അറസ്റ്റ് ചെയ്യാനാണു പൊലീസിന്റെ നീക്കം. അനീഷ് ദുബായിലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. ഒട്ടേറെ തട്ടിപ്പു കേസുകളിലും മണി ചെയിൻ കേസുകളിലും പ്രതിയാണ് അനീഷെന്നു പൊലീസിനു വിവരം ലഭിച്ചു. ലുക്കൗട്ട് നോട്ടിസ് നിലവിലിരിക്കെ വ്യാഴാഴ്ച രാവിലെ വിദേശത്തു നിന്നെത്തി തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പാർവതി ഷാജിയെ ഇമിഗ്രേഷൻ വിഭാഗമാണു തടഞ്ഞുവച്ചു പൊലീസിനു കൈമാറിയത്.

ഇടപ്പള്ളിയിലെ ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്, പാലാരിവട്ടത്തെ ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്നീ സ്ഥാപനങ്ങൾ മുഖേന അർമീനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ ജോലിക്കായി വീസ വാഗ്ദാനം ചെയ്തു 10 ലക്ഷം തട്ടിയ കേസിലാണു പാർവതി പിടിയിലായത്.

പാർവതി പിടിയിലായ വിവരമറിഞ്ഞു പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ മാത്രം ഇന്നലെ ഇരുപത്തഞ്ചിലേറെ പരാതിക്കാരെത്തി. ഇതിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. കൂടുതൽ പരാതികൾ ലഭിക്കുകയും കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിലും ഒന്നിലേറെ കേസുകൾ പ്രതിക്കെതിരെ ഉള്ളതായി വിവരം ലഭിക്കുകയും ചെയ്തതോടെ കോടികളുടെ തട്ടിപ്പാണു പ്രതിയുടെ നേതൃത്വത്തിൽ അരങ്ങേറിയത് എന്നു പൊലീസ് കണ്ടെത്തി.

2023 മുതൽ പണം നൽകിയവരാണു തട്ടിപ്പിനിരയായത്. കാനഡയിലും യൂറോപ്യൻ രാജ്യങ്ങളിലും ഉയർന്ന ശമ്പളത്തിൽ തൊഴിൽ വാഗ്ദാനം ചെയ്തു സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകിയാണു ഇരകളെ ആകർഷിച്ചിരുന്നത്. ആഡംബര കാറുകൾക്കൊപ്പവും വിലകൂടിയ ആഭരണങ്ങളണിഞ്ഞും സമൂഹമാധ്യമങ്ങളിൽ റീലുകളിലൂടെ നിറഞ്ഞു നിന്ന വ്യക്തിയാണു പാർവതി. പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയിരുന്നതായും പരാതി ഉയർന്നിട്ടുണ്ട്. തട്ടിപ്പു കേസുകൾ നേരിടാൻ അഭിഭാഷകരുടെ നിര തന്നെ പ്രതിക്കൊപ്പമുണ്ട്. ഒരു ദിവസത്തേക്കു കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണു പൊലീസ്. ഇന്ന് 11ന് പ്രതിയെ തിരികെ കോടതിയിൽ ഹാജരാക്കും.