ബെംഗളൂരു ∙ സംസ്ഥാനത്തെ പന്ത്രണ്ടോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്ന കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. വിവാദം കനത്തതോടെ, രണ്ട് വിവാഹം കഴിച്ച ജനപ്രതിനിധികളുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. വ്യാഴാഴ്ച നിയമസഭയിൽ വരൾച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെയാണ് ശിവകുമാർ വിവാദ പരാമർശം നടത്തിയത്. അതിവേഗ നഗരവൽക്കരണം മൂലം ബെംഗളൂരു നഗരത്തിൽ അനുഭവപ്പെടുന്ന ജനസംഖ്യാ വർധനവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘കെംപെഗൗഡയാണ് ബെംഗളൂരു നിർമിച്ചത്. കെങ്കൽ ഹനുമന്തയ്യ വിധാൻ സൗധ പണിതു. എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ രാജ്യാന്തര നഗരമാക്കി മാറ്റി. ഈ നഗരത്തിലേക്ക് വരുന്ന ആരും പിന്നീട് ഇവിടം വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല. ഇവിടെയെത്തുന്ന നിങ്ങളും (എംഎൽഎമാർ) മടങ്ങിപ്പോകാറില്ല. നഗരത്തിലുള്ള പലരും രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഡസനോളം ആളുകൾ ഇവിടെയുണ്ട്. വേണമെങ്കിൽ അവരുടെ പട്ടിക തരാൻ എനിക്ക് സാധിക്കും’’– ഇതായിരുന്നു ഡി.കെ. ശിവകുമാറിന്റെ പരാമർശം.ധാർവാഡ്, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള നിയമസഭാംഗങ്ങളുടെ പേരുകൾ തനിക്കറിയാമെന്നും എന്നാൽ നിലവിൽ അതിലേക്ക് കടക്കുന്നില്ലെന്നും ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിലെത്തുന്ന വക്കീലന്മാരും സ്വന്തം നാട്ടിലേക്ക് മടങ്ങാറില്ലെന്നും ഇതാണ് നഗരത്തിലെ ജനസംഖ്യ ഇത്രയധികം വർധിക്കാൻ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗര ജനസംഖ്യ 33 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നതായും ശിവകുമാർ സഭയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് ആർ. അശോക, ശിവകുമാർ ഉദ്ദേശിച്ച എംഎൽഎമാരുടെ പേരുകൾ എത്രയും വേഗം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ബെംഗളൂരുവിന് പുറത്തുനിന്ന് വന്ന എല്ലാ എംഎൽഎമാരുടെയും തലയ്ക്ക് മുകളിൽ ഇതൊരു വാളായി തൂങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ബിജെപി എംഎൽഎ എസ്. സുരേഷ് കുമാറും ശിവകുമാറിന്റെ പ്രസ്താവനയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ശിവകുമാർ തമാശയായി പറഞ്ഞതാണെങ്കിൽ പോലും നിയമസഭയ്ക്കുള്ളിൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് സഭയുടെ അന്തസിന് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ ആ സമയത്ത് സഭയിലുണ്ടായിരുന്നെങ്കിൽ അപ്പോൾത്തന്നെ മറുപടി നൽകുമായിരുന്നു. ശിവകുമാറിന്റെ പ്രസ്താവന പൊതുജനങ്ങൾക്കിടയിൽ അനാവശ്യമായ ജിജ്ഞാസയും സംശയവും ഉണ്ടാക്കിയിട്ടുണ്ടെന്നും, അതിനാൽ രണ്ട് വിവാഹം കഴിച്ച് രണ്ട് കുടുംബം പുലർത്തുന്ന ജനപ്രതിനിധികളുടെ പേരുകൾ പുറത്തുവിടാൻ അദ്ദേഹം തയാറാകണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു.








