സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ, ഗതാഗത നിയമലംഘനത്തിനു കേസെടുക്കും. കോട്ടയം എസ്.പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. കോട്ടയത്ത് കോടതിയില്‍ എത്തിയപ്പോഴായിരുന്നു ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തു വന്നത്.
ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി കോട്ടയം ജില്ല പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഡിജിപിക്ക് ലഭിച്ച പരാതിയിലായിരുന്നു നടപടി. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസെടുക്കണോയെന്നത് ഉള്‍പ്പെടെ തീരുമാനിക്കാനായിരുന്നു നീക്കം.
മൂന്ന് വര്‍ഷം മുന്‍പ് തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് കോടതിയില്‍ ഹാജരാകാന്‍ വന്നപ്പോള്‍ സ്വന്തം കാറില്‍ ഡിജിപി പദവിയുടെ അടയാളമായ മൂന്ന് നക്ഷത്രം ഉള്ള ബോര്‍ഡ് വെച്ചിരുന്നു. മാധ്യമങ്ങള്‍ ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു. അധികാര ചിഹ്നങ്ങള്‍ ദുരുപയോഗിക്കുന്നത് ആള്‍ മാറാട്ടത്തിന് തുല്യമെന്നാണ് ഡിജിപിക്ക് ലഭിച്ച പരാതി.






