മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; അഗത്തി വിമാനത്താവളത്തില്‍ മലയാളി യാത്രക്കാര്‍ കുടുങ്ങി; പകരം വിമാനമില്ല, മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ല

ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതാണ് പ്രതിസന്ധിയായത്. വിമാനക്കമ്പനി പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇരുപതോളം മലയാളികളാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇതില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരുമുണ്ട്.

സാങ്കേതിക തകരാര്‍ മൂലം അലയ്ന്‍സ് എയറിന്റെ വിമാന സര്‍വീസ് റദ്ദാക്കിയതാണ് പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത്. വിമാനം റദ്ദാക്കിയതിനെക്കുറിച്ചും പകരം സംവിധാനത്തെക്കുറിച്ചും യാത്രക്കാര്‍ ചോദിക്കുമ്പോള്‍ മാനേജര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും പകരം തങ്ങളെ മനപ്പൂര്‍വം പ്രകോപിപ്പിക്കുകയാണെന്നുമാണ് യാത്രക്കാരുടെ ആരോപണം. യാത്രക്കാരില്‍ പകുതിപ്പേരും പ്രായം ചെന്നവരാണ്. പലരും പല രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരും ചില ശാരീരിക അവശതകളുമുള്ളവരാണ്. വിമാനത്താവളത്തില്‍ കുടുങ്ങിയ തങ്ങള്‍ക്ക് മതിയായ സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. വിഷയത്തില്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

Read Also: ‘ഒരു കാട്ടുകള്ളനാണ് കൂടെ വന്നതെന്ന് അറിഞ്ഞില്ല; എനിക്ക് മുൻപ് മുഖ്യമന്ത്രിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത്, അടൂർ പ്രകാശ്

അഗത്തിപോലുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ പരിമിതമാണെന്നിരിക്കെയാണ് യാത്രക്കാരുടെ ആശ്രയമായ അലെയ്ന്‍സ് എയറിന്റെ സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ 10.30ഓടെ അഗത്തിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാര്‍ പറഞ്ഞ് പിന്നീട് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാരോട് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ഇത് റീഷെഡ്യൂള്‍ ചെയ്‌തെന്നും വിമാനം വൈകീട്ട് 3.30ന് പുറപ്പെടുമെന്നും അറിയിച്ചു. പിന്നീടാണ് സര്‍വീസ് റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചത്.