Headlines

ബംഗ്ലദേശിൽ കലാപം രൂക്ഷം; ധാക്കയിലെ സ്ഫോടനത്തിൽ ഒരു മരണം

ബംഗ്ലദേശിൽ കലാപം രൂക്ഷമാകുന്നു. ധാക്കയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മോഗ്ബസാറിലെ ഫ്ലൈഓവറിൽ നിന്ന് അക്രമികൾ സ്ഫോടകവസ്തു എറിയുകയായിരുന്നു. മോഗ്ബസാർ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകത്തിന് മുന്നിലുള്ള ഫ്ലൈഓവറിന് താഴെയാണ് സ്ഫോടനം നടന്നത്. ഫ്ലൈഓവറിന് മുകളിൽ നിന്ന് സ്ഫോടകവസ്തു എറിയുകയും താഴെ വീണ് പൊട്ടിത്തെറിക്കുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കൊല്ലപ്പെട്ടയാളെ ബന്ധുക്കൾ തിരിച്ചറി‍ഞ്ഞു. ഫാക്ടറി തൊഴിലാളിയായ സിയാം ആണ് കൊല്ലപ്പെട്ടത്. സ്ഫോടക വസ്തു എറിഞ്ഞ ഉടനെ അക്രമികൾ ഓടി രക്ഷപ്പെട്ടു. അക്രമികൾക്കായി പൊലീസ് തിരച്ചിൽ‌ ആരംഭിച്ചു. ആക്രമണത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇങ്ക്വിലാബ് മഞ്ച് പാർട്ടി നേതാവ് ഷെരീഫ് ഉസ്മാന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബം​ഗ്ലാദേശിൽ വീണ്ടും കലാപം ഉയർന്നത്. ഈ മാസം 12ന് വെടിയേറ്റ ഷെരീഫ് ഉസ്മാൻ ഹാദി സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.