Headlines

കൊച്ചി ബിജെപിയിൽ പൊട്ടിത്തെറി; ശ്യാമള.എസ്.പ്രഭു BJP യിൽ നിന്ന് രാജിവെച്ചു

ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോർപ്പറേഷനിൽ തുടർച്ചയായി 32 വർഷം കൗൺസിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയിൽ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് ശ്യാമള എസ് പ്രഭു പ്രതികരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്.

ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള പ്രഖ്യാപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് ഉണ്ടാകുമായിരുന്നു. എന്നാൽ ഇത്തവണ ടിക്കറ്റ് നൽകാൻ ബിജെപി തയ്യാറായില്ല.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശിച്ചത് പ്രകാരം പി ആര്‍ ശിവശങ്കരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്യാമളയെ വീട്ടിലെത്തി കണ്ടിരുന്നു. എങ്കിലും ചർച്ചകൾ വിഫലമായിരുന്നു. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി മേഖലയില്‍ ബിജെപിക്ക് കൗണ്‍സിലര്‍മാരുള്ളത് അമരാവതിയിലും ചെറളായിയിലും മാത്രമാണ്. ഇതിനിടെയാണ് കൗണ്‍സിലറായിരുന്ന ശ്യാമളയും പാര്‍ട്ടി വിട്ടത്.