Headlines

‘ഇപ്പോള്‍ വിട്ടുകളഞ്ഞാല്‍ ഇയാള്‍ക്കിത് ലൈസന്‍സാകും’; റെയില്‍വേ സ്റ്റേഷനില്‍ ലൈംഗിക അതിക്രമം കാട്ടിയ ആളെ വിഡിയോയിലൂടെ തുറന്നുകാട്ടി യുവതി

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ അതിക്രമത്തിന്റെ വിഡിയോ ഉള്‍പ്പെടെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

പുനെ- കന്യാകുമാരി എക്‌സ്പ്രസില്‍ തൃശൂരിലേക്ക് പോകാനാണ് യുവതി കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനിലെത്തിയത്. യുവതി ട്രെയിനിലേക്ക് കയറാന്‍ തുടങ്ങുമ്പോഴായിരുന്നു സജീവിന്റെ അതിക്രമം. യുവതി ബഹളം വയ്ക്കുകയും പ്രതിയുടെ മുഖത്തടിക്കുകയും ചെയ്തു. യുവതി ക്യാമറ ഓണ്‍ ചെയ്ത് വിഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ഇയാളെ ഓടിച്ചിട്ട് പിടിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

സംഭവം പോട്ടേ എന്ന് കരുതി വിട്ടാല്‍ തുടര്‍ന്ന് പലരോടും അതിക്രമം കാണിക്കാന്‍ ഇയാള്‍ക്കിത് ലൈസന്‍സാകുമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി പറയാനെത്തിയ തനിക്ക് റെയില്‍വേ പൊലീസ് പൂര്‍ണ പിന്തുണ നല്‍കിയെന്നും മറ്റ് യാത്രക്കാരും തന്നോട് സഹകരിച്ചുവെന്നും യുവതി പറഞ്ഞു. പൊലീസിനോട് നിരവധി കള്ളങ്ങള്‍ പറഞ്ഞ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കള്ളങ്ങള്‍ കയ്യോടെ പൊലീസ് പൊളിച്ചെന്നും യുവതി കൂട്ടിച്ചേര്‍ത്തു.