Headlines

ട്രംപിന്റെ യുക്രൈന്‍ സമാധാന പദ്ധതി: റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് മാപ്പ് കൊടുക്കണം എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ മാറ്റം നിര്‍ദേശിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍

അമേരിക്ക മുന്നോട്ടുവച്ച 28 ഇന യുക്രൈന്‍ സമാധാനപദ്ധതിയില്‍ മാറ്റം നിര്‍ദ്ദേശിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. നിര്‍ദ്ദേശങ്ങളുടെ എണ്ണം ചുരുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തതായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും അറിയിച്ചു. പദ്ധതിയിലെ മാറ്റങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്യുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

സമാധാന പദ്ധതി 19 നിര്‍ദ്ദേശങ്ങളായി ചുരുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ ഡോണ്‍ബാസിലെ നഗരങ്ങള്‍ വിട്ടുകൊടുക്കണമെന്ന വ്യവസ്ഥയും യുക്രെയ്ന്റെ നാറ്റോ അംഗത്വത്തെ വിലക്കുന്ന വ്യവസ്ഥയും ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. യുക്രെയ്ന്‍ സൈന്യത്തെ പരിമിതപ്പെടുത്തണമെന്ന നിര്‍ദേശവും റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് മാപ്പുനല്‍കണമെന്ന നിര്‍ദ്ദേശവും തള്ളി. നയതന്ത്രനീക്കങ്ങളിലൂടെ മാത്രം റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്ന്‍ തിരിച്ചെടുക്കാനും പുതിയ കരാറില്‍ വ്യവസ്ഥയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് കരാര്‍ വ്യവസ്ഥകളിലെ മാറ്റം. പുതിയ കരാര്‍ വ്യവസ്ഥകളിലെ വ്യവസ്ഥകളെപ്പറ്റി വിവരം ലഭിച്ചിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി.

കരാറിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക, യുക്രെയ്ന്‍ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരാണ് ജനീവയില്‍ യോഗം ചേര്‍ന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേകപ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ബ്രിട്ടന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥന്‍ പൗവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കരട് കരാര്‍ നവംബര്‍ 27-നകം യുക്രെയ്ന്‍ അംഗീകരിച്ചില്ലെങ്കില്‍ ആയുധമടക്കമുള്ള സഹായങ്ങള്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.