കോയമ്പത്തൂരിൽ സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തിയ യുവതിയ്‌ക്കെതിരെ സദാചാര വാദികളുടെ അധിക്ഷേപം. കോയമ്പത്തൂർ സ്വദേശിയും നിയമവിദ്യാർഥിയുമായ ജനനിക്ക് നേരെയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം ഉണ്ടായത്. പൊതു ഇടത്തിൽ മാന്യമായ വസ്ത്രം ധരിക്കണം എന്ന ആക്രോശവും യുവതിയോട് കയർക്കുന്നതും അപമാനിക്കുന്നതും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
യുവതിയ്‌ക്കൊപ്പം സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഫോട്ടോ എടുക്കുന്ന സമയത്താണ് ഒരുകൂട്ടം ആളുകൾ ഇവർക്കെതിരെ പാഞ്ഞടുത്തത്. മര്യാദയില്ലാത്ത വസ്ത്രം ധരിച്ചതിന് മാര്‍ക്കറ്റില്‍ നിന്നും പുറത്തുപോകാനാണ് വ്യാപാരി ആവശ്യപ്പെട്ടത്. മാര്‍ക്കറ്റ് പൊതുസ്ഥലമാണെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും വ്യാപാരികളിലൊരാള്‍ പറയുന്നത് വിഡിയോയിലുണ്ട്. തര്‍ക്കത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തിൽ യുവതി കോയമ്പത്തൂർ കമ്മീഷണർക്ക് നേരിട്ടെത്തി പരാതി നൽകി. എന്നാൽ യുവതി പൂ മാർക്കറ്റിൽ എത്തി റീല് ചിത്രീകരിക്കുകയായിരുന്നുവെന്നും ഇത് തങ്ങളുടെ ജോലിയ്ക്ക് തടസം നിന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാപാരികളും യുവതിയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതികളും പരിശോധിച്ച് പൊലീസ് കേസെടുക്കും. കണ്ടാൽ അറിയാവുന്ന ആറ് പേർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്.