Headlines

‘ബാരൻ ട്രംപിനെ എവിടെ വച്ച് കൊല്ലാം’; വധഭീഷണി പുറത്തുവിട്ടത് ഇറാൻ മാധ്യമം, സ്ഥിരീകരിച്ച് സീക്രട്ട് സർവീസ്

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും ഇളയ മകൻ ബാരൻ ട്രംപിന്റെ ജീവനു ഭീഷണിയുയർത്തുന്ന തരത്തിലുള്ള വിഡിയോ ഇറാൻ ഔദ്യോഗിക മാധ്യമം സംപ്രേക്ഷണം ചെയ്തതായി യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസ് സ്ഥിരീകരിച്ചു. തങ്ങളുടെ സുരക്ഷാ പരിധിയിലുള്ള വ്യക്തികൾക്കു നേരെയുണ്ടാകുന്ന ഏതു ചെറിയ ഭീഷണിയെയും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സീക്രട്ട് സർവീസ് വക്താവ് നെറ്റ് ഹെറിങ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാനിലെ കടുത്ത യാഥാസ്ഥിതിക നിലപാടുകളുള്ള ഭരണകൂടവുമായി ചേർന്നുപ്രവർത്തിക്കുന്ന ഔദ്യോഗിക മാധ്യമമായ ഐആർഐബി കഴിഞ്ഞ വാരാന്ത്യത്തിലാണ് ഈ വിഡിയോ പുറത്തുവിട്ടത്.

ഏതാണ്ട് മൂന്നു മിനിറ്റോളം നീളുന്ന വിഡിയോ ആരംഭിക്കുന്നത് ബാരൻ ട്രംപിനെ എവിടെ വച്ച് കൊല്ലാം എന്ന ഇംഗ്ലിഷ് തലക്കെട്ടോടെയാണ്. ന്യൂയോർക്കിലെ ട്രംപ് ടവർ ഉൾപ്പെടെ ബാരൻ ട്രംപ് പൊതുവായി സമയം ചെലവഴിക്കാറുള്ള പ്രധാന സ്ഥലങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഡിയോയുടെ അവസാന ഭാഗത്ത്, തങ്ങൾ പ്രഖ്യാപിച്ച 10 മില്യൻ ഡോളറിന്റെ (ഏകദേശം 83 കോടി രൂപ) സമ്മാനത്തുക കൈപ്പറ്റാൻ ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണെന്നു പശ്ചാത്തലത്തിൽ ഒരാൾ പറയുന്നുമുണ്ട്.

ഈ വർഷം ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ സൈനിക നടപടി ആരംഭിച്ചതിന്റെ ആദ്യദിനം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ട്രംപിനെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ മാധ്യമങ്ങൾ നിരന്തരമായി ഇത്തരം വധഭീഷണി വിഡിയോകൾ പുറത്തുവിടുന്നുണ്ട്. ജൂലൈയിൽ നടന്ന ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്രകളിൽ ‘ട്രംപിനെ വധിക്കുക’ എന്ന പോസ്റ്ററുകളേന്തി അണികൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ തനിക്കെതിരെയുള്ള ഇറാന്റെ വധഭീഷണികളെക്കുറിച്ച് ഡോണൾഡ് ട്രംപ് പരസ്യമായി സംസാരിച്ചിരുന്നു. ഇറാന്റെ കടുത്ത ഭീഷണിയെത്തുടർന്ന് കാറ്ററിങ് ട്രക്കിനുള്ളിൽ ഒളിച്ചിരുന്നാണ് ട്രംപ് സൈനിക വിമാനത്തിൽ കയറി തുർക്കിയിൽനിന്നു രഹസ്യമായി രക്ഷപ്പെട്ടത്.