Headlines

‘വിവരങ്ങൾ കൈമാറി’; ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മോശം സന്ദേശം അയക്കുന്നുവെന്ന പരാതിയിൽ ഉറച്ച് വനിതാ SIമാർ

ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാട്സ്ആപ്പിൽ മോശം സന്ദേശം അയക്കുന്നുവെന്ന് പരാതിയിൽ ഉറച്ച് വനിതാ എസ്ഐമാർ. ആരോപണ വിധേയനായ എഐജി വിജി വിനോദ് കുമാറിന്റെയും വനിതാ എസ് ഐ. മാരുടെയും മൊഴി എടുക്കും. കുറ്റക്കാരൻ എന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടിയോ വകുപ്പ് തല നടപടിയോ ഉണ്ടാകും.

എസ്പി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല. ഗൂഢാലോചന എന്ന പരാതിയുമായി എഐജിയും ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഡിഐജി അജിതാ ബീഗം രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പോഷ് നിയമപ്രകാരമുള്ള അന്വേഷണം നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ്‌ മെറിൻ ജോസഫിന് അന്വേഷണം ചുമതല നൽകിയത്.

രണ്ട് പരാതിക്കാരും പരാതിയിൽ ഉറച്ചുനിൽക്കുകയും മൊഴി നൽകുകയും ചെയ്തതോടെയാണ് പോഷ് നിയമപ്രകാരം അന്വേഷിക്കാൻ അജിതാ ബീഗം പോലീസ് മേധാവിയോട് ശുപാർശ ചെയ്തത്. അതേസമയം പരാതി തള്ളി എഐജി വിജി വിനോദ് കുമാർ രം​ഗത്തെത്തിയിരുന്നു. പരാതി ഗൂഢാലോചനയുടെ ഭാഗമെന്ന് ആരോപിച്ച് വി ജി വിനോദ് കുമാർ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. മോശം സന്ദേശം അയച്ചിട്ടില്ലെന്നും പരാതിയിൽ വിശദീകരിക്കുന്നു.