തിരുവനന്തപുരം പേരൂർക്കട വ്യാജ മോഷണ കേസിൽ നടപടി. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദളിത് യുവതി ബിന്ദുവിന്റെ പരാതിയിൽ കേസെടുത്തു. ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയേൽ മകൾ നിഷ കസ്റ്റഡിയിൽ എടുത്ത എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. വ്യാജ പരാതി നൽകിയതിന് കേസെടുക്കാൻ എസ് സി, എസ് ടി കമ്മീഷൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബിന്ദു നൽകിയ പരാതിയിൽ പേരൂർക്കട പൊലീസാണ് കേസെടുത്തത്.
നേരെത്തെ ബിന്ദുവിന്റെ പരാതിയിൽ പേരൂർക്കട സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലംമാറ്റിയിരുന്നു. സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നൽകിയ പരാതിയിലാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്.
20 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ നിർത്തിയെന്നും കുടിവെള്ളം പോലും നൽകിയില്ലെന്നും കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബത്തെ മുഴുവൻ അകത്താകുമെന്നും പൊലീസ് പറഞ്ഞതായി ബിന്ദു വ്യക്തമാക്കിയിരുന്നു. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാൻ കൈ ഓങ്ങിയിരുന്നുവെന്ന് ബിന്ദു പറഞ്ഞിരുന്നു.