സിജെപി പ്രതിനിധികളും കേന്ദ്രസര്‍ക്കാരുമായുള്ള മൂന്നാംഘട്ട ചര്‍ച്ച ആരംഭിച്ചു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് ചര്‍ച്ച നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് ഉള്‍പ്പെടെയുള്ളവരാണ് സിജെപി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നത്. (JP Nadda, Jitendra Singh hold third round of talks with CJP )
വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ് അതീവ നിര്‍ണായകമായ മൂന്നാം ഘട്ട ചര്‍ച്ച നടക്കുന്നത്. നീറ്റ് ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു. 16 വയസ്കാരിയായ പെണ്‍കുട്ടിയുടെ മുഖത്തടിച്ച സന്ദീപ് ലാംബ എന്ന ഡിസിപി മാപ്പ് പറയണം, സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ലാത്തി കുത്തിയ പൊലീസുകാരനെതിരെ നടപടിയെടുക്കണം എന്നീ പുതിയ ആവശ്യങ്ങളും സിജെപി മുന്നോട്ടുവച്ചിട്ടുണ്ട്.പ്രധാനമായും നാല് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവച്ചിരുന്നത്. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയായിരുന്നു അതില്‍ ഒന്നാമത്തേത്. ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക, പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുക, വിദ്യാര്‍ഥികളെ ഉപദ്രവിച്ച ഉദ്യോഗസ്ഥര്‍ മാപ്പ് പറയുക, അവര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയയാണ് മറ്റ് ആവശ്യങ്ങള്‍. എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സിജെപി.









