ശബരിമല സ്വർണക്കൊള്ളയിൽ ധാരാളം ആൾക്കാർ കോൺഗ്രസുമായി നല്ല ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് എസ്ഐടി കണ്ടെത്തട്ടെ. ശബരിമല വിഷയത്തിൽ കക്ഷിരാഷ്ട്രീയം നോക്കാതെ സർക്കാർ നിലപാടുകൾ സ്വീകരിച്ചു. സ്വർണ കൊള്ളയിൽ അറസ്റ്റിലായ പോറ്റിയും സ്വർണം വിറ്റ ഗോവർധനും സോണിയ ഗാന്ധിക്ക് ഒപ്പം നിന്ന ചിത്രം പുറത്ത് വന്നിട്ടുണ്ട്.
സോണിയ ഉപഹാരം സ്വീകരിക്കുന്നതാണ് ഒരു ചിത്രത്തിൽ. കൈയ്യിൽ എന്തോ കെട്ടി കൊടുക്കുന്ന മറ്റൊരു ചിത്രവും ഉണ്ട്. പത്തനംതിട്ട എംപിയും അടൂർ പ്രകാശും ചിത്രത്തിൽ ഉണ്ട്. വലിയ സുരക്ഷയുള്ളയാളാണ് സോണിയ ഗാന്ധി. സോണിയാഗാന്ധിയുടെ അപ്പോയിൻ്റ്മെൻ്റ് ലഭിക്കാനുള്ള കാലതാമസത്തെപ്പറ്റി കോൺഗ്രസ് നേതാക്കൾ തന്നെ പരാതി പറഞ്ഞിട്ടുണ്ട്.
നേരത്തെ കെ കരുണാകരൻ പോലും പരാതി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ മുൻനിര നേതാക്കൾക്ക് പോലും ലഭിക്കാൻ പ്രയാസമുള്ള സോണിയയുടെ അപ്പോയിൻമെൻ്റ് എങ്ങനെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കിട്ടിയത്. ആൻ്റോ ആൻറണിക്കും അടൂർ പ്രകാശിനും ഗോവർദ്ധനവുമായി എന്തുതരം ബന്ധമാണുള്ളത്? പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവും ഇത് ജനങ്ങളോട് പറയണം.
ഇതൊക്കെ മറച്ചുവച്ച് മറ്റു പ്രചരണങ്ങൾ നടത്തുകയാണ്. പോറ്റിയെ കേറ്റിയേ പാട്ട് പരാതി വന്നപ്പോൾ കേസെടുത്തു. സർക്കാർ നിലപാടാണ് പിന്നീട് നടപ്പായത്. ക്ഷേമാനുകൂല്യങ്ങൾ ഔദാര്യമല്ല.ജനങ്ങളുടെ അവകാശമാണ്. എം എം മണി പറഞ്ഞത് തിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.







