5000 കോടി രൂപ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയുമോ ? പദ്ധതി ഭാവി തലമുറയ്ക്ക് വേണ്ടി; പി എം ശ്രീയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം

പി എം ശ്രീയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം. പദ്ധതിയെ പൂർണ്ണമായും എതിർക്കേണ്ടതില്ല. 5000 കോടി രൂപ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയുമോ ?. പദ്ധതി ഭാവി തലമുറയ്ക്ക് വേണ്ടി. സാമ്പത്തിക സഹായം കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

മറ്റ് അജണ്ടകൾ ഉണ്ടെങ്കിൽ അതിനെ എതിർക്കാൻ കേരളത്തിനറിയാം. ചില കാര്യങ്ങളിൽ തീരുമാനം സർക്കാരിന് ഇതുപോലെ എടുക്കേണ്ടിവരും. എല്ലാകാര്യങ്ങളും ചർച്ച ചെയ്യേണ്ട ആവശ്യമില്ല. സിപിഐയുടെ എതിർപ്പ് – പ്രശ്നങ്ങൾ പരിഹരിക്കും. ഒരു കുടുംബം ആകുമ്പോൾ പ്രശ്നങ്ങളുണ്ടാകാറുണ്ട്. അത് പരിഹരിക്കാൻ ഞങ്ങൾക്ക് തന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് സിപിഐഎം അറിയിച്ചു. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഐഎം നേതൃത്വം അറിയിച്ചു. സിപിഐഎം സെക്രട്ടിയേറ്റ് യോ​ഗത്തിന് ശേഷമാണ് നിലപാട് കൂടുതൽ കടുപ്പിച്ചത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐഎം- സിപിഐ ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

പിഎം ശ്രീ പദ്ധതി നയപരമായ സർക്കാരിന്റെ തീരുമാനമാണ്. ഇതുസംബന്ധിച്ച എല്ലാ ആശയക്കുഴപ്പവും പരിഹരിക്കാൻ ചർച്ചയുമായി മുന്നോട്ട് പോകാനാണ് സിപിഐഎമ്മിന്റെ തീരുമാനം.
സിപിഐയുടെ ഭാ​ഗത്ത് നിന്ന് വലിയ രീതിയിലുള്ള എതിർപ്പ് ഉണ്ടായിട്ടും പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ തീരുമാനം എടുത്തില്ല. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും യോ​ഗത്തിൽ പങ്കെടുത്തിരുന്നില്ല. എം വി ​ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്.