Headlines

‘മുഖ്യമന്ത്രി അറിയാതെ അനങ്ങുന്ന ആളല്ല മന്ത്രി ശിവന്‍കുട്ടി’; പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് സിപിഐ യോഗത്തില്‍ രൂക്ഷ വിമര്‍ശനം

പി എം ശ്രീയുടെ ധാരാണാപത്രത്തില്‍ ഒപ്പിടാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സിപിഐ സെക്രട്ടേറിയറ്റില്‍ നേതാക്കളുടെ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ അനങ്ങുന്ന ആളല്ല വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എന്നാണ് സിപിഐ യോഗത്തിലെ വിമര്‍ശനം. തീരുമാനത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും സിപിഐ നേതാക്കള്‍ വിമര്‍ശിച്ചു.

സിപിഐ സെക്രട്ടേറിയറ്റ് യോഗത്തില്‍ സര്‍ക്കാരിനെതിരേയും സിപിഐഎം നേതാക്കള്‍ക്കെതിരേയും വിദ്യാഭ്യാസ വകുപ്പിനെതിരേയും അതിരൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത്ര പ്രധാനപ്പെട്ട ഒരു തീരുമാനം മന്ത്രി വി ശിവന്‍കുട്ടി സ്വമേധയാ എടുക്കില്ലെന്ന് യോഗത്തില്‍ ഒരു പ്രധാന നേതാവ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭൂരിഭാഗം അംഗങ്ങളും അതിനെ പിന്തുണച്ചു.

എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ സിപിഐ കടുത്ത നിലപാട് സ്വീകരിക്കുമോ എന്ന് ഉടനറിയാം. നിലപാട് തീരുമാനിക്കുന്ന സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തിരുവനന്തപുരത്ത്‌നടക്കുന്നത്. മന്ത്രിമാരെ രാജിവെപ്പിച്ച് പുറമെ നിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന അഭിപ്രായം സിപിഐയ്ക്കുള്ളില്‍ ശക്തമാണ്. ദേശീയതലത്തില്‍ ചര്‍ച്ച നടത്തി സമവായത്തിലെത്താനുള്ള ആലോചനയുമുണ്ട്.

അതേസമയം പിഎം ശ്രീയില്‍ ഒപ്പിട്ടതിനു പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചതും വലിയ ചര്‍ച്ചയാകുകയാണ്. ബിനോയ് വിശ്വം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതരാരോപണം. മുന്നണി മര്യാദകള്‍ സിപിഐഎം ലംഘിച്ചുവെന്നും കത്തില്‍ പരാമര്‍ശമുണ്ട്. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നും ഇതിന് ഒരു നീതീകരണവുമില്ലെന്നാണ് പരാമര്‍ശം. ധാരണ പത്രം ഒപ്പിട്ടതിലൂടെ എല്‍ഡിഎഫിന്റെ കേന്ദ്രസര്‍ക്കാരിനെതിരായ പോരാട്ടം ദുര്‍ബലപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.