Headlines

ഷാഫി പറമ്പില്‍ എംപിയുടെ ആരോപണം: സിഐ അഭിലാഷ് ഡേവിഡിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ചതില്‍ ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് അന്നത്തെ ഡിജിപി. അഭിലാഷിനെ പിരിച്ചുവിടാനുള്ള തീരുമാനം ശമ്പള വര്‍ധന തടയലായി ഒതുക്കിയത് മുന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ്. പിരിച്ചുവിടാനുള്ള കമ്മിഷണറുടെ നോട്ടീസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഡിജിപിയുടെ തീരുമാനം.

സിഐ അഭിലാഷ് ഡേവിഡ് തന്നെ മനപൂര്‍വം മര്‍ദിച്ചുവെന്നായിരുന്നു ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ എംപി ആരോപിച്ചിരുന്നത്. പൊലീസില്‍ നിന്ന് ഇയാള്‍ പിരിച്ചുവിടല്‍ നോട്ടീസ് കൈപ്പറ്റിയ ആളാണെന്നും ഷാഫി പറഞ്ഞിരുന്നു. അഭിലാഷിനെ പിരിച്ചുവിടാന്‍ കമ്മിഷണര്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് ഡിജിപി റദ്ദാക്കിയതായുള്ള വിവരങ്ങളും ഇത് സംബന്ധിച്ച രേഖകളുമാണ് ലഭിച്ചിരിക്കുന്നത്.

2023 ജനുവരി 21-ാം തിയതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സി എച്ച് നാഗരാജുവാണ് അഭിലാഷിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. അഭിലാഷ് ശ്രീകാര്യം സ്റ്റേഷനിലെ സിഐ ആയിരിക്കെ ലൈംഗിക അതിക്രമക്കേസ് കാശുവാങ്ങി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചു എന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ പിരിച്ചുവിടല്‍ തീരുമാനം ഒന്നര വര്‍ഷത്തിനുശേഷം പിന്‍വലിക്കുകയും കാരണം കാണിക്കല്‍ നോട്ടീസിന് അഭിലാഷ് മറുപടി നല്‍കുകയും ചെയ്തു. ശേഷം പിരിച്ചുവിടല്‍ എന്നത് രണ്ട് വര്‍ഷത്തെ ശമ്പള വര്‍ധനവ് തടയലില്‍ ഒതുക്കുകയായിരുന്നു ഡിജിപി.