കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ സിപിഐഎം ഒപ്പുവെച്ചതിൽ രൂക്ഷമായ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്ത് സർക്കാരെന്നും എവിടെയാണ് കൂട്ടുത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
ധാരണാപത്രം ഒപ്പുവെച്ചപ്പോൾ എൽഡിഎഫിൽ ചർച്ചയുണ്ടായിട്ടില്ല. എവിടെയും ചർച്ചചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകപാർട്ടികളെയും മന്ത്രിസഭയെയും ഇരുട്ടിലാക്കികൊണ്ട് ഇത്രയും ഗൗരവമായ വിഷയത്തിൽ എൽഡിഎഫിന് എങ്ങിനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് സിപിഐയ്ക്ക് അറിയില്ല.ഒപ്പിടൽ മുന്നണി മര്യാദയുടെ ലംഘനമാണെന്നും ഇത് എൽഡിഎഫിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിതല്ലെന്നും ഈ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും ബിനോയ് വിശ്വം വിമർശിച്ചു.
സിപിഐ എൽഡിഎഫിനെ കാണുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വ്യാപ്തിയിലാണ്. സിപിഐയുടെ കത്ത് ഇപ്പോൾ എൽഡിഎഫിന് മുന്നിലുണ്ട്. അതിനോടുള്ള പ്രതികരണം എന്താണെന്ന് ഞങ്ങൾക്കറിയില്ല.
ഈ മാസം 27ന് എക്സിക്യൂട്ടീവ് ആലപ്പുഴയിൽ കൂടുന്നുണ്ട്. ഉചിതമായ തീരുമാനം അപ്പോൾ കൈക്കൊള്ളും.
എൽഡിഎഫ് കൺവീനർക്കും ഘടക കക്ഷികൾക്കും കത്തയച്ചിട്ടുണ്ട്. സിപിഐ നിലപാട് വളരെ വ്യക്തമായി അതിൽ പറഞ്ഞിട്ടുണ്ട്. എൻഇപിയെ ഷോക്കേസ് ചെയ്യാനുള്ള പദ്ധതിയെങ്കിൽ ഇതെങ്ങനെ മുന്നോട്ട്.പോകും? സിപിഐക്ക് മാത്രമല്ല സിപിഎമ്മിനും ആശങ്കയുണ്ട്. പ്രതീക്ഷയുടെ പക്ഷമാണ് ഇടതുപക്ഷം. പാഠ്യപദ്ധതിയെ പോലും സ്വാധീനിക്കുന്നതാണിതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.







