ശരീരത്തിലെ 22 മുറിവുകള്‍ മരണകാരണമായോ? മഹേഷിനെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ച് കൊന്നെന്ന കുടുംബത്തിന്റെ ആരോപണം സ്ഥിരീകരിക്കാനാകാതെ പൊലീസ്

തിരുവനന്തപുരം വെള്ളായണിയിലെ നൃത്താധ്യാപകന്‍ മഹേഷിന്റെ മരണത്തില്‍ നിയമനടപടിക്കൊരുങ്ങി കുടുംബം. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും മറ്റൊരു ഏജന്‍സിയിലേക്ക് അന്വേഷണം മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കുടുംബം പരാതി നല്‍കും. മഹേഷ് ക്രൂരമര്‍ദനത്തിന് ഇരയായെന്ന് ആരോപണം ഉയര്‍ത്തിയിട്ടും കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നുള്‍പ്പെടെ ആരോപിച്ചാണ് കുടുംബം പരാതി നല്‍കാന്‍ തയ്യാറെടുക്കുന്നത്

കഴിഞ്ഞ മാസം 12-ാം തിയതിയാണ് തിരുവനന്തപുരം ശ്രീരാമകൃഷ്ണമിഷന്‍ ആശുപത്രിയില്‍ വച്ച് മഹേഷിന്റെ മരണം സംഭവിക്കുന്നത്. ചില മാനസിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയതായിരുന്നു അദ്ദേഹം. ഇവിടെ വച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെ മഹേഷിനെ മര്‍ദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. മഹേഷിന്റെ ശരീരത്തില്‍ 22 ക്ഷതങ്ങളുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നിരിക്കിലും ഈ മര്‍ദനമാണ് മരണത്തിനിടയാക്കിയതെന്ന സ്ഥിരീകരണം റിപ്പോര്‍ട്ടിലില്ല. ശ്വാസകോശത്തിലെ നീര്‍ക്കെട്ടാണ് മഹേഷിന്റെ മരണത്തിലേക്ക് നയിച്ചത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരൂ.

മഹേഷിനെ ആശുപത്രി ജീവനക്കാര്‍ മര്‍ദിക്കുന്നത് കണ്ടുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. തങ്ങളെ അകത്ത് നിര്‍ത്താതെ പുറത്താക്കിയാണ് മഹേഷിനെ മര്‍ദിക്കുകയായിരുന്നു. തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് മകന്‍ പറഞ്ഞിരുന്നെന്ന് അമ്മ പറയുന്നു. അതേസമയം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു.