Headlines

കോളജുകളിലെ അധ്യാപക– വിദ്യാർഥി വാട്സാപ് ഗ്രൂപ്പുകൾക്ക് പെരുമാറ്റച്ചട്ടം

തിരുവനന്തപുരം ∙ കോളജ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പുകളിലെ ചർച്ചകൾക്കു പെരുമാറ്റച്ചട്ടം പുറത്തിറക്കി ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ. രാഷ്ട്രീയവും മതപരവുമായ ചർച്ചകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണു നീക്കം. കോളജുകളിലെ ഇത്തരം ഗ്രൂപ്പുകൾ വിദ്യാർഥികൾക്കുള്ള അറിയിപ്പുകൾ, നിർദേശങ്ങൾ എന്നിവ നൽ‍കാനായി മാത്രം ഉപയോഗിക്കണമെന്നും കൊളീജിയറ്റ് എജ്യുക്കേഷൻ ഡയറക്ടർ എ.ഷിബു പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഈ ഗ്രൂപ്പുകളിലെ ചർച്ച അക്കാദമിക് കാര്യങ്ങൾക്കു മാത്രം പരിമിതപ്പെടുത്തണമെന്നും ദുരുപയോഗം തടയുന്നതിന്, അഡ്മിൻമാരായി പ്രവർത്തിക്കുന്ന അധ്യാപകർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.

അതേസമയം, ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരുനിൽക്കുന്ന സമീപനമാണ് ഇതെന്നും അധ്യാപകർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇത്തരം സർക്കുലറുകൾ അപഹാസ്യമാണെന്നും കോളജ് അധ്യാപക സംഘടന എകെപിസിടിഎ ആരോപിച്ചു.