പശ്ചിമ ബം​ഗാളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബം​ഗാളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍.

പശ്ചിമ ബെംഗാളില്‍ ചൊവ്വാഴ്ച രണ്ടു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ യു.കെയില്‍ നിന്നും മറ്റെരാൾ ഈജിപ്തില്‍ നിന്നും അടുത്തിടെ മടങ്ങിയെത്തിയതാണ്. ഇവര്‍ ഇപ്പോള്‍ ബേലീഘാട ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണുള്ളത്. ആദ്യ പരിശോധനാഫലം പോസിറ്റീവായ പശ്ചാത്തലത്തില്‍ ഇവരുടെ സ്രവങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പശ്ചിമ ബം​ഗാളിൽ ഇതുവരെ എട്ട് പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

അതേസമയം,രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു. മുംബൈയിൽ അറുപത്തിയഞ്ചുകാരൻ മരിച്ചതോടെ മരണം പത്തായി. കൊറോണയെ നേരിടാൻ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.