അയ്യപ്പന്റെ സ്വർണ്ണം മുതൽ രക്തസാക്ഷി ഫണ്ട് വരെ കക്കുന്നവരാണ് മാർക്സിസ്റ്റ് പാർട്ടിയെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഫണ്ട് തിരിമറി സിപിഐഎമ്മിന്റെ മൂല്യച്യുതിയാണ് കാണിക്കുന്നത്. നേതൃത്വം തിരുത്തുകയല്ല തിരുത്താൻ ശ്രമിക്കുന്നവരെ പുറത്താക്കുകയാണ് ചെയ്യുന്നതെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. ഇങ്ങനെ മുന്നോട്ടു പോയാൽ കേരളം ബംഗാളും ത്രിപുരയും ആയി മാറുമെന്ന് അദേഹം പ്രതികരിച്ചു.സ്വർണ്ണക്കൊള്ള കേസിൽ കൊള്ളക്കാർ രക്ഷപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും എസ്ഐടി പരാജയപ്പെട്ടെന്നും കെ മുരളീധരൻ വിമർശിച്ചു. പ്രതികൾ ഓരോരുത്തരായി ജാമ്യം കിട്ടി പുറത്തുവരുന്നു. ഉടൻ പോറ്റിക്കും ജാമ്യം കിട്ടും. ആകെ ജയിലിൽ കിടക്കുന്നത് തന്ത്രി മാത്രമാണ്. കുറ്റപത്രം ഇനിയും സമർപ്പിച്ചില്ലെങ്കിൽ സ്വർണ്ണക്കുള്ള കേസ് ഇല്ലാതായി മാറുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഫോട്ടോ കണ്ടിട്ടല്ല കടകംപള്ളി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അദേഹം കൂട്ടിച്ചേർത്തു.തിരുവനന്തപുരത്തെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിലും അദേഹം പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം പവനായി ശവമായി മാറിയത് പോലെയായിരുന്നു. എന്തൊരു വീരവാദമാണ് ബിജെപി മുഴക്കിയത്. മേയറെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചത് മാത്രം ബാക്കി. ആ മേയറെയാണെങ്കിൽ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോലും കയറ്റിയില്ലെന്ന് മുരളീധരൻ പരിഹസിച്ചു. ഒരു പ്രിന്റ് പ്രധാനമന്ത്രിക്ക് നൽകിയിട്ടുണ്ട് അത് എന്ത് പ്രിന്റ് ആണെന്ന് പോലും അറിയില്ല. പ്രധാനമന്ത്രി അത് നോക്കുമോ ചവറ്റുകുട്ടയിൽ എറിയുമോ എന്ന് പോലും അറിയില്ല. പ്രതിപക്ഷ കൗൺസിലർമാരോട് പോലും ചോദിക്കാതെയാണ് പ്രിന്റ് നൽകിയതെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ല. അയാളെപ്പോലത്തെ വർഗീയവാദി ലോകത്ത് വേറെയില്ല. ഈ സമൂഹത്തിനെ ജാതിയുടെയും മതത്തിന്റെയും വിഭജിക്കാൻ നോക്കനുന്ന വ്യക്തിയാണ് അദേഹം. മഹാന്മാർ ഇരുന്ന കസേരയിൽ ഇരുന്നുകൊണ്ടാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. വികസനം പുറമേ പറയും പ്രവർത്തി വേറൊന്ന്. എസ്‌ഐആറിന്റെ പേരിൽ ഒരു വിഭാഗത്തിനെ തിരഞ്ഞ് പിടിച്ച് വോട്ടർപ്പട്ടികയിൽ നിന്ന് പുറത്താക്കുകയാണ്. ഇതാണോ ജനാധിപത്യമെന്ന് കെ മുരളീധരൻ പറഞ്ഞു.








