കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ഇ ഡി മുൻപാകെ ഹാജരാകില്ല. അന്വേഷണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇ ഡിയും. സുപ്രീംകോടതി വിധി വിജിലൻസ് കേസിന് മാത്രം ബാധകമെന്നും, ഇസിഐആറിന് സ്റ്റേ ഇല്ലാത്തിടത്തോളം അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും ഇ ഡി. പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നൽകാനാണ് ആലോചന.
നിയമനടപടികളും, അസൗകര്യവും ചൂണ്ടികാണിച്ചാണ് ഹാജരാവില്ലെന്ന് പിണറായി വിജയൻ ഇഡിയെ അറിയിച്ചിരിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്റെ അപ്പീൽ അടുത്ത ദിവസം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേക്ക് എത്തും. സ്റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ.സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകർ പിണറായിക്ക് വേണ്ടി ഹാജരാകും.
സുപ്രീം കോടതി പിഎംഎൽഎ കേസിന് ബാധകമല്ലെന്ന നിലപാടാണ് ഇഡിയ്ക്ക് ഉള്ളത്. അതിനാൽ അന്വേഷണത്തിൽ നിന്ന് പിന്നോട്ടില്ല. ഹൈകോടതി നടപടികൾ അടക്കം പരിഗണിച്ച് തുടർ നീക്കങ്ങൾ ആലോചിക്കും.









