ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. മഹാസഖ്യം നേതാക്കളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ‘ ചലോ ബിഹാര്‍, ബദ്‌ലേ ബിഹാര്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് പ്രചാരണത്തിനിറങ്ങാനാണ് മഹാസഖ്യം പദ്ധതിയിടുന്നത്.
ബിഹാര്‍ വികസനത്തിന് എന്‍ഡിഎയ്ക്ക് മാര്‍ഗരേഖയില്ലെന്ന് തേജസ്വി യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്‍ഡിഎ പകര്‍ത്തുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിക്കാത്തതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തേജസ്വി യാദവ് ആഞ്ഞടിച്ചു. നിതീഷ് കുമാറിനെ ബിജെപി വീണ്ടും മുഖ്യമന്ത്രിയാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭകക്ഷി അംഗങ്ങള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് അമിത് ഷാ പലതവണ ആവര്‍ത്തിച്ചു. എന്തുകൊണ്ടാണ് ഇത്തവണ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാത്തത്. തിരഞ്ഞെടുപ്പിനുശേഷം ജെഡിയുവിനെ ബിജെപി ഇല്ലാതാക്കും. ഇത് നിതീഷ് കുമാറിന്റെ അവസാന തെരഞ്ഞെടുപ്പാകും.
പലതവണ ബിഹാറില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു ഒരു നടപടിയും ഉണ്ടായില്ല. കുറ്റകൃത്യങ്ങള്‍ പെരുകി. ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. കസേരയും അധികാരവും മാത്രമാണ് എന്‍ഡിഎ ആഗ്രഹിക്കുന്നത്. ബിഹാറിന്റ പുരോഗതി അവരുടെ ലക്ഷമല്ല – അദ്ദേഹം വ്യക്തമാക്കി.
ഇത്തവണ ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് തേജസ്വി യാദവ് ട്‌ലന്റിഫോറിനോട് പ്രതികരിച്ചിരുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, കുടിയേറ്റം തുടങ്ങിയവക്കെതിരെയാണ് പോരാട്ടം. നിലവിലെ സര്‍ക്കാരില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. സാമ്പത്തിക നീതി നടപ്പാക്കാന്‍ ആണ് താന്‍ ശ്രമിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.







