Headlines

ക്രിസ്ത്യൻ രാജ്യത്ത് ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ എന്തിനാണ് അനുവദിക്കുന്നത്’; റിപ്പബ്ലിക്കൻ നേതാവ്

യുഎസിലെ ഹനുമാൻ പ്രതിമക്കെതിരെ വിമർശനവുമായി റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ. ക്രിസ്ത്യൻ രാജ്യത്ത് വ്യാജ ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ എന്തിനാണ് അനുവദിക്കുന്നതെന്നായിരുന്നു അലക്സാണ്ടറിന്റെ പരാമർശം. ടെക്സസിലെ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിയനെതിരെയായിരുന്നു വിവാദ പരാമർശം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഹനുമാൻ‌ പ്രതിമയ്‌ക്കെതിരായി വിവാദ പരാമർശം നടത്തിയത്. “ടെക്സസിൽ ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ സ്ഥാപിക്കാൻ നമ്മൾ എന്തിനാണ് അനുവദിക്കുന്നത്? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്” എന്നായിരുന്നു അലക്സാണ്ടർ ഡങ്കന്റെ കുറിപ്പ്. പ്രതിമയുടെ വീഡിയോ പങ്കിട്ടുകൊണ്ടായിരുന്നു വിമർശനം.

മറ്റൊരു പോസ്റ്റിൽ “ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. സ്വർഗ്ഗത്തിലോ ഭൂമിയിലോ കടലിലോ ഉള്ള ഒന്നിന്റെയും വിഗ്രഹമോ പ്രതിമയോ നീ സ്വയം ഉണ്ടാക്കരുത്”‌ എന്ന ബൈബിൾ വചനവും ഡങ്കൻ പങ്കുവെച്ചു. യുഎസിലെ ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണ് സ്റ്റാച്യു ഓഫ് യൂണിയൻ. ഡങ്കന്റെ പോസ്റ്റിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

ഡങ്കന്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിലും മതസ്വാതന്ത്ര്യ വക്താക്കളിൽ നിന്നും കടുത്ത വിമർശനത്തിന് ഇടയാക്കി. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) ഡങ്കനെ വിമർശിച്ച് രം​ഗത്തെത്തി. പ്രസ്താവന ഹിന്ദു വിരുദ്ധവും പ്രകോപനപരവുമാണെന്ന് അപലപിക്കുകയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്സസിനോട് അച്ചടക്ക നടപടി സ്വീകരിക്കാൻ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ആവശ്യപ്പെടുകയും ചെയ്തു.