Headlines

‘ഹോർമുസിലെ അവസ്ഥ പഴയ നിലയിലേക്ക് പോകില്ല; ഞങ്ങൾക്ക് എണ്ണ വിൽക്കാനായില്ലെങ്കിൽ മറ്റാരേയും അനുവദിക്കില്ല’

 

ടെഹ്റാൻ∙ ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ്. എണ്ണ വിൽക്കാൻ ഇറാനെ അനുവദിച്ചില്ലെങ്കിൽ മറ്റൊരു ഗൾഫ് രാഷ്ട്രത്തേയും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘‘ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്തൊരു പ്രദേശത്ത് ആരെയും എണ്ണ വിൽക്കാൻ അനുവദിക്കില്ല. ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അവിടെ യുഎസ് സൈന്യം ഇല്ലാതിരിക്കുമ്പോഴാണ്. ഞങ്ങൾ എപ്പോഴും പറയുന്നതുപോലെ യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ മാറില്ല’’– ഖാലിബഫ് എക്സിൽ കുറിച്ചു. ഹോർമുസിൽ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണമുണ്ടായാൽ ഇറാനിലെ പാലമോ വൈദ്യുതി നിലയമോ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയായാണ് ഖാലിബഫ് ഇക്കാര്യം വ്യക്തമാക്കിയത്.