അഹമ്മദാബാദ് വിമാനാപകടം: മറ്റൊരാളുടെ മൃതദേഹമാണ് ലഭിച്ചതെന്ന് ബ്രിട്ടീഷ് പൗരന്റെ കുടുംബം

അഹമ്മദാബാദ് വിമാന അപകടത്തിൽ ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമെന്ന് ബ്രിട്ടീഷ് പൗരന്റെ കുടുംബം. ബ്രിട്ടനിലേക്ക് അയക്കുന്നതിന് മുൻപ് മൃതദേഹം തിരിച്ചറിയുന്നതിൽ പിഴവുണ്ടായെന്നും ആരോപണം. മൃതദേഹം മാറിയതോടെ ശവസംസ്കാര ചടങ്ങുകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ബ്രിട്ടീഷ് പൗരന്റെ കുടുംബം അറിയിച്ചു. അനാസ്ഥയിൽ ഇന്ത്യയിലും ബ്രിട്ടനിലും അന്വേഷണം നടക്കുന്നതായും റിപ്പോർട്ടുകൾ.

പ്രധാനമന്ത്രിയുടെ ബ്രിട്ടൻ സന്ദർശനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആശങ്ക അറിയിച്ചേക്കുമെന്ന സൂചനയുണ്ട്.മൃതദേഹങ്ങൾ കൈകാര്യം ചെയ്തത് മരിച്ചവരുടെ അന്തസിനെ മാനിച്ചു കൊണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചു.ആശങ്കകൾ പരിഹരിക്കുന്നതിന് യുകെയുമായി തുടർന്നും പ്രവർത്തിക്കുന്നുവെന്നും ഇന്ത്യ അറിയിച്ചു.

ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അപകടത്തില്‍പ്പെട്ടത്. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. ബിജെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും പിജി വിദ്യാര്‍ത്ഥികള്‍ അടക്കം താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന 242 ല്‍ 241 പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ബ്രിട്ടീഷ് പൗരവും ഇന്ത്യന്‍ വംശജനുമായ രമേഷ് വിശ്വാസ് കുമാര്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.