വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: റാം നാരായണന്‍ ബഗേലിന്റെ കുടുംബവും റവന്യൂ മന്ത്രിയും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്

പാലക്കാട് വാളയാറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ റാം നാരായണന്‍ ബഗേലിന്റെ കുടുംബവുമായി ഇന്ന് റവന്യൂ മന്ത്രി ചര്‍ച്ച നടത്തും. കുടുംബവും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമായായിരിക്കും ചര്‍ച്ച. മന്ത്രി നേരിട്ട് ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേല്‍ ഇന്നലെ മോര്‍ച്ചറിക്ക് മുന്നില്‍ നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. അടിയന്തര നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിട്ടില്ല

റാം നാരായണ്‍ ബഗേലിന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയിരുന്നു. പാലക്കാട് ആര്‍ ഡി ഓ കുടുംബവുമായി നടത്തിയ ചര്‍ച്ചയിലെ ഈ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് മോര്‍ച്ചറിയിലെ പ്രതിഷേധങ്ങള്‍ അവസാനിച്ചത്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതായും പാലക്കാട് ജില്ലാ ഭരണകൂടം വാര്‍ത്താ കുറിപ്പായി പുറത്തിറക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതും ജില്ലാ ഭരണകൂടം അംഗീകരിച്ചു. ഉറപ്പ് ലഭിച്ച് കഴിഞ്ഞാല്‍ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.

റാം നാരായണ്‍ ബഗേലിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുടുംബവും ഇവിടെ തുടരുന്നുണ്ട്. അതേസമയം ആള്‍ക്കൂട്ടക്കൊലയിലെ അന്വേഷണത്തില്‍ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തെത്തി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയുന്നതുകൊണ്ടാണ് പൊലീസ് അഞ്ചുപേരെ മാത്രം പിടിച്ചത്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ല. പ്രതികള്‍ക്ക് രക്ഷപെട്ടുപോകാനുള്ള സമയം പൊലീസ് കൊടുത്തുവെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കുറ്റപ്പെടുത്തി.

വാളയാര്‍ അട്ടപ്പളത്താണ് ആള്‍ക്കൂട്ട മര്‍ദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണനെ മര്‍ദിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണന്‍ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്.