‘പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധി ചായ സത്കാരത്തിൽ പങ്കെടുത്തത് ദൗർഭാഗ്യകരം, ഇന്ത്യൻ കറൻസിയിൽ നിന്ന് ഗാന്ധിയെ നീക്കാനുളള ശ്രമം’: ജോൺ ബ്രിട്ടാസ് എം പി

കോൺഗ്രസിനെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ് എം.പി. പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധിയടക്കം ഇന്ത്യ മുന്നണിയിലെ നേതാക്കൾ ചായ സൽക്കാരത്തിൽ പങ്കെടുത്തത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവമെന്ന് ജോൺ ബ്രിട്ടാസ്. ജനാധിപത്യത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. രണ്ടാം ഗാന്ധി വധത്തിന് മണിക്കൂറുകൾക്കകം സൽക്കാരത്തിൽ പങ്കെടുത്തത് അംഗീകരിക്കാനാകില്ല. രാഹുൽ ഗാന്ധിയുണ്ടായിരുന്നെങ്കിൽ ചായ സൽക്കാരത്തിൽ പങ്കെടുക്കില്ലായിരുന്നുവെന്നും ബ്രിട്ടാസ് വ്യക്തമാക്കി.

ഇതിനൊക്കെ അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണം. ഉതക ക്രിയയ്ക്കാണോ പോയതെന്നാണ് സംശയം. ഇന്ത്യൻ കറൻസിയിൽ നിന്ന് ഗാന്ധിയെ നീക്കാനുളള ശ്രമം തുടരുന്നു. അതിന് ശേഷവും ഇവർ ചായ കുടിക്കാൻ പോകുമായിരിക്കും. പാർലമെന്ററി പാർട്ടി നേതാക്കളുടെ സൽക്കാരത്തിൽ പ്രിയങ്ക ഗാന്ധിക്ക് എന്ത് കാര്യം? കനിമൊഴിയും അഖിലേഷും പങ്കെടുക്കാത്ത യോഗത്തിൽ പ്രിയങ്കയ്ക്ക് എന്ത് കാര്യം. ചായ കുടിച്ച് പ്രധാനമന്ത്രിയുടെ വിദേശ യാത്രയെ പുകഴ്ത്തി. വയനാട്ടിൽ എന്ത് സംഭവിക്കുന്നുവെന്ന് ഇവർക്ക് അറിയില്ല.

എൻ.കെ.പ്രേമചന്ദ്രൻ സൽക്കാരത്തിൽ പങ്കെടുത്തത് പ്രശ്നമായി കാണുന്നില്ല. മോദിയിയുടെ കോലായിലെ കഞ്ഞി വീട്ടിലെ നിത്യ സന്ദർശകൻ. അദ്ദേഹം മോദിയുടെ പുകഴ്ത്തലുകൾ ആഗ്രഹിക്കുന്നു. ആർ.എസ്.പിയെ ആർ.എസ്.എസാക്കി മാറ്റാൻ ശ്രമിക്കുന്ന ആളാണ് എൻ.കെ.പ്രേമചന്ദ്രൻ. തനിക്കെതിരായ കോൺഗ്രസ് നേതാക്കളുടെ വ്യക്തിപരമായ വിമർശനത്തിലും ബ്രിട്ടാസ് മറുപടി നൽകി.

രമേശ് ചെന്നിത്തല ക്ഷേക്സ്പിയർ കഥകളിലെ ദുരന്ത കഥാപാത്രം. കെ.സി.വേണുഗോപാലെന്ന ശിഷ്യനെ കാത്ത് നിൽക്കേണ്ട അവസ്ഥയാണ് ചെന്നിത്തലയ്ക്ക്. കോൺഗ്രസ് എം.പി മാരുടെ ഈ സമ്മേളനത്തിലെ പണി പാരയും പാരഡിയും ആയിരുന്നു. കേരളത്തിന് വേണ്ടി എന്ത് പണിയാണ് ഇവരെടുക്കുന്നത് ? സി.പി.ഐ.എമ്മിനെതിരെ പറയാൻ എന്ത് അവകാശം ? ഒറ്റ ഭേദഗതികൾ രാജ്യസഭയിൽ നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.