ഡൽഹി: എസ്ബിഐ ഡേറ്റാ ചോർച്ചയിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ എ റഹീം എംപി. ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ഡാർക്ക് വെബ്ബിലെത്തിയത് രാജ്യത്തിന് അപമാനം. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്തെ ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലും വിവരസുരക്ഷ ശക്തമാക്കണമെന്നും എ എ റഹീം കത്തിൽ ആവശ്യപ്പെട്ടു. എത്ര പേരുടെ വിവരങ്ങൾ ചോർന്നുവെന്നും എങ്ങനെയാണ് ചോർച്ചയുണ്ടായതെന്നും കണ്ടെത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
ചോർന്ന വിവരങ്ങൾ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയണം. ഉപഭോക്താക്കളുടെ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എഎ റഹീം പറഞ്ഞു. 3,897 ഉപഭോക്തൃ രേഖകളാണ് ഡാർക്ക് വെബിൽ കണ്ടെത്തിയത്. ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പർ, ജനനത്തീയതി, ഇ-മെയിൽ, വിലാസം തുടങ്ങിയ വിവരങ്ങൾ ചോർന്നതായാണ് കണ്ടെത്തൽ. സംഭവത്തിൽ എസ്ബിഐ സൈബർ സുരക്ഷാ അന്വേഷണം ആരംഭിച്ചു. ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് എസ്ബിഐ വിശദീകരണം.
കണ്ടെത്തിയ 3,897 ഉപഭോക്തൃ രേഖകളെക്കുറിച്ചുള്ള അന്വേഷണം തുടരുന്ന സാഹചര്യത്തിൽ, കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ബാങ്ക് അറിയിച്ചിരുന്നു.








