Headlines

റെയ്‌ഹാന്റെ ചിത്രങ്ങൾക്ക് വിലക്ക്: വിശദീകരണവുമായി ബിക്കാനിർ ഹൗസ്, പ്രിയങ്കയുടെ മകനെ രാഷ്ട്രീയത്തിലിറക്കാനുള്ള ശ്രമമെന്ന് ബിജെപി

ന്യൂഡൽഹി∙ പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാധ്‌രയുടെ ചിത്രങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിൽ വിശദീകരണവുമായി ഡൽഹിയിലെ ബിക്കാനിർ ഹൗസ് അധികൃതർ. റെയ്ഹാന്റെ ചിത്രങ്ങളിൽ രാഷ്ട്രീയ സന്ദേശമുണ്ടായിരുന്നതിനാലാണ് ചില ചിത്രങ്ങൾ നീക്കംചെയ്യാൻ നിർദേശിച്ചതെന്ന് ബിക്കാനിർ ഹൗസ് മാനേജ്മെന്റ് വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് ‘നോ ഐഡിഎ ഈസ് ഫൈനൽ’ എന്നു പേരിട്ടിരുന്ന റെയ്ഹാന്റെ ചിത്രപ്രദർശനം ബിക്കാനിർ ഹൗസിൽ നടക്കാനിരുന്നത്. എന്നാൽ ഇതിൽ ഉൾപ്പെട്ടിരുന്ന ഡൽഹിയിലെ യുവജനങ്ങളുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നീക്കാൻ മാനേജ്മെന്റിൽനിന്ന് സമ്മർദമുണ്ടായതായി റെയ്ഹാൻ വെളിപ്പെടുത്തിയിരുന്നു. 105ൽ 74 ചിത്രങ്ങളാണ് ഇത്തരത്തിൽ നീക്കം ചെയ്തത്. ഇത് വിവാദമായതിനു പിന്നാലെയാണ് ബിക്കാനിർ ഹൗസിന്റെ വിശദീകരണം. രാജസ്ഥാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ബിക്കാനിർ ഹൗസ്.

‘റെയ്ഹാന്റെ പ്രദർശനത്തിലെ ചില ചിത്രങ്ങൾ ബിക്കാനിർ ഹൗസ് മാനേജ്മെന്റ് സൊസൈറ്റിയുടെ നയങ്ങളുമായി ചേർന്നു പോകുന്നതായിരുന്നില്ല. കല, സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കാൻ രൂപീകരിച്ചിട്ടുള്ള സാംസ്കാരിക കേന്ദ്രമാണ് ബിക്കാനിർ ഹൗസ്. ഇവിടെ നടക്കുന്ന പ്രദർശനങ്ങളും ബന്ധപ്പെട്ട പരിപാടികളും സൊസൈറ്റിയുടെ നയവുമായി ചേർന്നു പോകുന്നതാകണം. വൈൽഡ് ലൈഫും സംസ്കാരവുമായും ബന്ധപ്പെട്ടുള്ള ചിത്ര പ്രദർശനമായിരുന്നു നടക്കേണ്ടിയിരുന്നത്. നേരത്തെ റെയ്ഹാൻ വാധ്‌രയുടെ ചിത്രപ്രദർശനങ്ങൾ ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ, രാഷ്ട്രീയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചില ചിത്രങ്ങൾ ഉൾപ്പെട്ടതിനാലാണ് അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.’– ബിക്കാനിർ ഹൗസ് മാനേജ്മെന്റ് പറഞ്ഞു.

ദേശീയ പതാക ഉൾപ്പെടുന്ന രണ്ട് ചിത്രങ്ങളടക്കം നീക്കം ചെയ്തെന്നാണ് റെയ്ഹാൻ ആരോപിച്ചത്. ബിക്കാനിർ ഹൗസിന്റെ നടപടി അപഹാസ്യമാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ യുവാക്കളുടെ വായ് മൂടിക്കെട്ടുന്ന നടപടിയാണിതെന്നും ഇന്ന് റെയ്ഹാനാണെങ്കിൽ നാളെ മറ്റൊരു കലാകാരന് ഈ അവസ്ഥ നേരിടേണ്ടി വരുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

അതേസമയം, റെയ്ഹാൻ വാധ്‌രയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ചിത്രപ്രദർശന വിവാദമെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. കോൺഗ്രസിന്റെ ഭാവി പ്രസിഡന്റായാണ് റെയ്ഹാനെ കോൺഗ്രസ് നേതാക്കൾ കരുതുന്നതെന്നും പ്രിയങ്ക മകനെ രാഷ്ട്രീയത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഭാട്ടിയ പറഞ്ഞു.