ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അതിവേഗം നടപ്പിലാക്കാൻ എസ്ഐടി. 2019 ലെ മീറ്റ്സ് രേഖ പരിശോധിക്കാനും 2025 സെപ്റ്റംബർ വരെ സന്നിധാനത്ത് നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കാനും തീരുമാനമായി. സ്വർണം പൂശൽ, സ്പോൺസർഷിപ്പ് തുടങ്ങിയവയാണ് അന്വേഷിക്കുക.
അതേസമയം, ദ്വാരപാലക ശിൽപപ്പാളികളുടെ അറ്റകുറ്റപണികൾക്ക് സ്പോൺസറായി ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ നിയോഗിച്ചത് ഹൈക്കോടതി സംശയത്തോടെ കണ്ടതോടെ നിലവിലെ ഭരണസമിതിയും അന്വേഷണ പരിധിയിൽ വരും. കൂടാതെ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഗൂഢാലോചന നടത്തിയ സംഘത്തിൽപ്പെടുന്ന ആളുകളെ എസ്ഐടി തിരിച്ചറിഞ്ഞെന്നാണ് വിവരം. ഇവരെ നോട്ടീസ് നൽകി ഉടൻ വിളിച്ചുവരുത്തും. ഇതിനോടകം ഒരു തവണ ചോദ്യം ചെയ്ത അനന്ത സുബ്രഹ്മണ്യത്തെയും വീണ്ടും വിളിച്ചുവരുത്തും.
എന്നാൽ കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന് സൂചിപ്പിക്കുന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശവും ഉണ്ടായിരുന്നു.







