വലിയ കക്ഷി ബിജെപി; ചെയർപഴ്‌സൻ സ്ഥാനാർഥിക്ക് കിട്ടിയത് പൂജ്യം വോട്ട്

ജയ്പുർ∙ രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ മുണ്ട്വ മുനിസിപ്പാലിറ്റിയിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വലിയ കക്ഷിയായി തിരഞ്ഞെടുത്തിട്ടും ചെയർപഴ്‌സൻ സ്ഥാനത്തേക്കു മത്സരിച്ച നേതാവിനു ലഭിച്ചത് പൂജ്യം വോട്ട്. മുണ്ട്വ മുനിസിപ്പാലിറ്റിയിലെ 25 കൗൺസിലർമാരിൽ പത്ത് പേർ ബിജെപി അംഗങ്ങളാണ്. തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയും ബിജെപിയാണ്. എന്നാൽ പാർട്ടി ഔദ്യോഗിക സ്ഥാനാർഥി ഗീതാ ദേവിക്ക് ചെയർപഴ്‌സൻ തിരഞ്ഞെടുപ്പിൽ പൂജ്യം വോട്ടാണ് നേടാനായത്.

ബിജെപി സ്ഥാനാർഥി പൂജ്യം വോട്ട് നേടിയപ്പോൾ കോൺഗ്രസ് പിന്തുണച്ച രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി (ആർ‌എൽ‌പി) സ്ഥാനാർഥി അൽക ദേവി കണ്ടോയ് 13 വോട്ടുകൾ നേടി ചെയർപഴ്സൻ സ്ഥാനം സ്വന്തമാക്കി. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഘൻശ്യാം സദാവത്ത് 12 വോട്ടുകളും നേടി. ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഘൻശ്യാം സ്വതന്ത്രനായി മത്സരിച്ചത്. ബിജെപിയുടെ 10 കൗൺസിലർമാരിൽ ആരുംതന്നെ പാർട്ടിയുടെ ഔദ്യോഗിക ചെയർപഴ്‌സൻ സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ല.