Headlines

SAP ക്യാമ്പിലെ പൊലീസ് ട്രെയിനിയുടെ ആത്മഹത്യ; ഉദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് DIG യുടെ റിപ്പോർട്ട്

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദിന്റെ മരണത്തിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡ‍ിഐജിയുടെ റിപ്പോർട്ട്. കുടുംബത്തിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട്‌ ഡ‍ിഐജി അരുൾ ബി കൃഷ്ണ ബറ്റാലിയൻ എഡിജിപിക്ക് കൈമാറി.

ആദ്യ ആത്മഹത്യാ ശ്രമത്തിന് ശേഷം ആനന്ദിനെ ശുശ്രൂഷിച്ചതിൽ ഉദ്യോഗസ്ഥർക്ക് പിഴവില്ല. ആദ്യ ആത്മഹത്യാ ശ്രമത്തിനുശേഷം ആശുപത്രിയിൽ പാർപ്പിക്കുന്നതായിരുന്നു ഉചിതം. ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകിയിരുന്നു. കൗൺസിലിംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്തിയിരുന്നു. ആത്മഹത്യാശ്രമ വാർത്തകൾക്ക് താഴെ വന്ന ചില കമൻറുകൾ ആനന്ദിനെ അസ്വസ്ഥപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രത്യേകിച്ച് ആരുമായും ആനന്ദിന് സൗഹൃദം ഉണ്ടായിരുന്നില്ല. കൗൺസിലിംഗിന് ശേഷം തനിക്ക് പ്രശ്നങ്ങളില്ലെന്നും ആനന്ദ് മേലുദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായി ഡിഐജിയുടെ റിപ്പോർ‌ട്ടിൽ പറയുന്നുണ്ട്. മേലുദ്യോഗസ്ഥരുടെ പീഡന മൂലം ആനന്ദ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്. എന്നാൽ ഇത് തള്ളുന്നതാണ് ഡിഐജിയുടെ റിപ്പോർട്ട്. സംഭവത്തിൽ സഹോദരൻറെ മൊഴി രണ്ടുദിവസത്തിനകം രേഖപ്പെടുത്തും.