സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയാണ് ഉണ്ടായതെന്ന് നിയമസഹായ സമിതി. അടുത്ത മെയ് മാസത്തോടെ പുറത്തിറങ്ങാമെന്നാണ് പ്രതീക്ഷയെന്ന് നിയമസഹായ സമിതി. അബ്ദുൽ റഹീമിന് കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി സൗദി സുപ്രീംകോടതി തള്ളിയിരുന്നു. കേന്ദ്രസർക്കാരിനും സൗദി ഭരണകൂടത്തിനും നിയമസഹായസമിതി നന്ദി പറഞ്ഞു. കെ. സുരേഷ്, കെ.കെ ആലിക്കുട്ടി, ഗിരീഷ് എന്നിവർ ആണ് മാധ്യമങ്ങളേ കണ്ടത്.
അപ്പീൽ കോടതിയുടെ വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ സുപ്രിംകോടതി തള്ളുകയായിരുന്നു. നേരത്തെ മെയ് 26ന് ഇരുപത് വർഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനൽ കോടതിയുടെ വിധി ജൂലൈ 9ന് അപ്പീൽ കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രിംകോടതിയുടെ പരിഗണനയിലായിരുന്നു. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അപ്പീൽ കോടതിയിലും സുപ്രിംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരായ അഡ്വ റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരും രംഗത്തുണ്ടായിരുന്നു.